uu

വർക്കല: മൺസൂൺ കാലം അടുത്തെത്തിയിട്ടും വർക്കല താലൂക്കിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഗുരുതരമായ വീഴ്ച വരുത്തുന്നതായി ആക്ഷേപം. ഒട്ടുമിക്ക പഞ്ചായത്തുകളിലും മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ നടപടികൾ പോലും തുടങ്ങിയിട്ടില്ല. ഏപ്രിൽ, മേയ് മാസങ്ങളിലാണ് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.

വർക്കല നഗരസഭ ഉൾപ്പെടെ ഗ്രാമീണ മേഖലയിലെ ഒട്ടുമിക്ക ഓടകളും വൃത്തിഹീനമായി കിടക്കുകയാണ്. മിക്ക ഓടകളും മണ്ണടിഞ്ഞും മാലിന്യങ്ങൾ അടിഞ്ഞുകൂടിയും നീരൊഴുക്ക് നിലച്ച അവസ്ഥയിലാണ്. ഇടവിട്ട് പെയ്യുന്ന മഴയെ തുടർന്ന് വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്.

റോഡിന്റെ പാർശ്വഭാഗങ്ങളിലെ കാട്ടുചെടികളും പുല്ലുകളും വെട്ടി മാറ്റാനും നടപടികളില്ല. കോളനി പ്രദേശങ്ങളിലും തീരദേശ മേഖലകളിലും കൊതുക് ശല്യവും വർദ്ധിച്ചിട്ടുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ പഞ്ചായത്ത് പ്ലാൻ ഫണ്ട്, തനത് ഫണ്ട്, ആരോഗ്യ വകുപ്പിന്റെ ഫണ്ട്, ശുചിത്വമിഷൻ ഫണ്ട് എന്നിവ വിനിയോഗിക്കാമെന്നിരിക്കെ ഒട്ടുമിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇതിനുള്ള നടപടികൾ വൈകുന്നതായും ആക്ഷേപമുണ്ട്.

ജനങ്ങളുടെ സുരക്ഷയ്ക്ക്

ജലജന്യരോഗങ്ങൾ ഉണ്ടാകാതിരിക്കാൻ പൊതു ജലാശയങ്ങൾ, കിണറുകൾ എന്നിവിടങ്ങളിൽ ക്ലോറിനേഷൻ ചെയ്യുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ കുളങ്ങൾ, നദികൾ, തോടുകൾ, അഴുക്കുചാലുകൾ, ഓടകൾ തുടങ്ങിയവ വൃത്തിയാക്കുന്നതിനുള്ള കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിന് അടിയന്തര നടപടികൾ ഉണ്ടാകണമെന്ന് പഞ്ചായത്ത് അംഗങ്ങളും വിവിധ സംഘടനകളും ആവശ്യപ്പെടുന്നുണ്ട്.

ഫണ്ടുണ്ടെങ്കിലും

മഴക്കാല പൂർവ ശുചീകരണ - മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്കായി ഓരോ വാർഡിനും ശുചിത്വ മിഷന്റെ 10,000 രൂപയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെ 10,000 രൂപയും ലഭിക്കും. പഞ്ചായത്തുകൾക്ക് തനത് ഫണ്ടിൽ നിന്ന് 5,000 രൂപ വീതം വാർഡുകൾക്കായി ചെലവഴിക്കാം. ഇതുകൂടാതെ മാലിന്യ നിർമാർജനത്തിനുള്ള പൊതുപദ്ധതികൾക്കായി തനത് ഫണ്ടിൽ നിന്ന് ആവശ്യമായ തുക തദ്ദേശ സ്ഥാപനങ്ങൾക്ക് ചെലവഴിക്കാൻ അനുമതിയുണ്ട്. ശുചിത്വ മിഷന്റെ ഫണ്ട് വിതരണം വൈകുകയാണെങ്കിൽ തനത് ഫണ്ട് ചെലവഴിച്ച് പിന്നീട് റീ ഇംപേഴ്സ് ചെയ്യാൻ കഴിയുമെന്നാണ് വിലയിരുത്തൽ. എന്നാൽ ശുചിത്വമിഷന്റെ ഫണ്ട് പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ഇനിയും ലഭിച്ചിട്ടില്ലെന്ന പരാതിയും നിലനിൽക്കുന്നുണ്ട്.

പനി പടരും

സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി എന്നിവ വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്ന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് താലൂക്കിൽ ശക്തമായ പ്രതിരോധപ്രവർത്തനങ്ങൾ നടത്തണമെന്ന ആവശ്യവും ഇതിനോടകം ഉയർന്നിട്ടുണ്ട്.