p

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്പ്ടോപ്പ് നൽകുന്ന ജ്യോതിർഗമയ പദ്ധതി ഒരു വിദ്യാർത്ഥിക്കുപോലും പ്രയോജനപ്പെടുത്താതെ സർക്കാർ ഉപേക്ഷിക്കുന്നു. 2021ജനുവരിയിൽ പ്രഖ്യാപിച്ച പദ്ധതിപ്രകാരം ലാപ്ടോപ്പ് വാങ്ങാനോ വിതരണം ചെയ്യുവാനോ ഇതു വരെ ഫിഷറീസ് വകുപ്പിന് സാധിച്ചിട്ടില്ല. ധനവകുപ്പിന്റെയും പ്ളാനിംഗ് ബോർഡിന്റെയും അനുമതി ലഭിക്കാത്തതാണ് പദ്ധതി ഉപേക്ഷിക്കാൻ കാരണമെന്നാണ് വിവരം.

കൊവിഡിൽ ഓൺലൈൻ ക്ളാസുകളുണ്ടായിരുന്ന സമയത്ത് പ്രഖ്യാപിച്ച പദ്ധതി ഓഫ്‌ലൈൻ ക്ളാസുകൾ ആരംഭിച്ച സാഹചര്യത്തിൽ ഇനി പ്രസക്തമാണോയെന്ന് പ്ളാനിംഗ് ബോർഡ് ഫിഷറീസ് ഡയറക്ടറോട് വിശദീകരണം തേടിയിട്ടുണ്ട്. എന്നാൽ, ഓഫ്‌ലൈൻ ക്ളാസുകളുണ്ടെങ്കിലും ലാപ്ടോപ്പ് എല്ലാ കാലത്തും ഉപയോഗപ്പെടുന്നതാണെന്നും പദ്ധതി ഉപേക്ഷിക്കരുതെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം. മത്സ്യത്തൊഴിലാളി ബോർഡിൽ രജിസ്റ്റർ ചെയ്തവരുടെ മക്കളിൽ പത്താം ക്ലാസുകാരായവർക്കാണു ലാപ്പ്ടോപ്പ് നൽകാൻ തീരുമാനിച്ചിരുന്നത്. ആദ്യഘട്ടമായി 2000 ലാപ്‌ടോപ്പുകൾ നൽകാനായിരുന്നു ഫിഷറീസ് വകുപ്പിന്റെ പദ്ധതി. മത്സ്യത്തൊഴിലാളികളുടെ സാമൂഹിക ഉന്നമനത്തിനുള്ള 'തീരോന്നതി' പദ്ധതിക്കായി അനുവദിച്ച തുകയിൽ ചെലവാക്കാൻ കഴിയാതിരുന്ന 3.28 കോടി രൂപയ്ക്കു ലാപ്‌ടോപ് വാങ്ങാനായിരുന്നു തീരുമാനം. ഇതിനായി വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ സ്വീകരിച്ച് പട്ടിക തയ്യാറാക്കാൻ ജില്ലാതലത്തിൽ നിർദ്ദേശിച്ചെങ്കിലും അതു പൂർത്തിയായില്ല. 2021 ഡിസംബറിൽ പദ്ധതിക്കുവേണ്ടിയുള്ള ആദ്യ ടെൻഡർ വിളിച്ചെങ്കിലും പർച്ചേസ് കമ്മിറ്റി സാങ്കേതിക കാരണങ്ങൾ പറഞ്ഞ് റദ്ദാക്കി. പുതിയ ടെൻഡർ വിളിക്കാൻ കാലതാമസം നേരിടുമെന്ന് അന്ന് വകുപ്പ് ചൂണ്ടിക്കാട്ടിയെങ്കിലും പർച്ചേസ് കമ്മിറ്റി ടെൻഡർ റദ്ദാക്കുകയായിരുന്നു. പുതിയ ടെൻഡർ വിളിച്ച് ലാപ്പ്ടോപ്പ് വാങ്ങി വിതരണം ചെയ്യണമെങ്കിൽ രണ്ടു വർഷത്തെ കാലതാമസമെങ്കിലും എടുക്കും. അപ്പോൾ വിദ്യാർത്ഥികൾ സ്കൂൾ പഠനം പൂർത്തിയാക്കിയിട്ടുണ്ടാകും.