
വക്കം: വിളയിൽ മൂല- തിനവിള റോഡിലെ കുഴിയും വെള്ളക്കെട്ടും കാരണം കാൽനട- വാഹനയാത്രക്കാർ ഇതുവഴി കടന്നുപോകുന്നത് ഏറെ പണിപ്പെട്ടാണ്. വിളയിൽ മൂല ജംഗ്ഷനും ബി.വി.യു.പി.എസിനും ഇടയിൽ മേലേ വിളഗണപതി ക്ഷേത്രത്തിനു മുന്നിൽ ജില്ലാ പഞ്ചായത്തിന്റെ കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലാണി കുളമായ ഈ റോഡ്. കെ.എസ്.ആർ.ടി.സി അടക്കം നിരവധി സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന റോഡാണിത്. വേനൽ മഴയിൽ തന്നെ റോഡും കടന്നാണിപ്പോൾ വെള്ളക്കെട്ട് രൂപപ്പെട്ടത്. ഇതിന് നൂറു മീറ്റർ ദൂരത്തിൽ യു.പി സ്കൂളുണ്ട്. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രമായിട്ടും റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ അധികൃതർക്ക് കഴിയുന്നില്ല. ചെളിവെള്ളത്തിൽ ചവിട്ടാതെ ആർക്കും ഇതുവഴി കടന്നുപോകാൻ കഴിയില്ല. കുഞ്ഞു കുട്ടികളുടെ കാര്യം പറയുകയും വേണ്ട. ഒരു മാസത്തിന് മുമ്പ് കുറച്ച് മെറ്റൽ റോഡിലെ കുഴിയിൽ കൊണ്ടിട്ടതായി നാട്ടുകാർ പറഞ്ഞു. അതോടെ വെള്ളക്കെട്ട് വലുതായി. സ്ഥിരം വെള്ളക്കെട്ടായ ഇവിടെ റോഡരുകിൽ ഓട നിർമ്മിച്ച് വെള്ളം കുളപ്പാട്ടം ഏലയിൽ എത്തിക്കാൻ നടപടി വേണമെന്നാണ് പൊതുവാർ ആവശ്യം. അത് കഴിഞ്ഞു മാത്രമേ റോഡിന്റെ പണികൾ ആരംഭിക്കാവൂവെന്നാണ് നാട്ടുകാർ പറയുന്നത്. അല്ലെങ്കിൽ അടുത്ത മഴയിൽ റോഡ് വീണ്ടും വെള്ളക്കെട്ടായി മറും.