തിരുവനന്തപുരം: സ്വന്തമായി തണ്ടപ്പേര് ഇല്ലാത്ത ആളുകളെ കണ്ടെത്താൻ സാങ്കേതികവിദ്യയുടെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു.സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി നടത്തിയ പട്ടയമേളയുടെ ജില്ലാതല ഉദ്ഘാടനം കോട്ടയ്‌ക്കകം ലളിത് മഹൽ ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. അർഹരായ എല്ലാവർക്കും പട്ടയം ഉറപ്പാക്കുക എന്ന ബൃഹത്തായ ചുമതലയാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്നതെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി ആന്റണി രാജു പറഞ്ഞു.കഴിഞ്ഞ നൂറു ദിവസത്തിനുളളിൽ ജീവനക്കാർ നടത്തിയ കഠിനപരിശ്രമത്തിന്റെ ഫലമായാണ് ജില്ലയിൽ ഇത്രയും പട്ടയങ്ങൾ വിതരണം ചെയ്യാൻ സാധിച്ചതെന്ന് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. 750 പട്ടയങ്ങളാണ് നൽകാൻ ലക്ഷ്യമിട്ടിരുന്നതെങ്കിലും 866 പേർക്ക് പട്ടയം ഉറപ്പാക്കാൻ സാധിച്ചെന്ന് കളക്‌ടർ ഡോ.നവ്‌ജ്യോത് ഖോസ അറിയിച്ചു. ഡെപ്യൂട്ടി മേയർ പി.കെ രാജു,കൗൺസിലർ ജാനകി അമ്മാൾ, എ.ഡി.എം ഇ.മുഹമ്മദ് സഫീർ, സബ്കളക്‌ടർ മാധവിക്കുട്ടി എന്നിവരും പങ്കെടുത്തു.