chief

തിരുവനന്തപുരം: വികസനത്തിതിന്റെ പേരിൽ ജനത്തെ വഴിയാധാരമാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലൈഫ് പദ്ധതിയിലെ 20,808 വീടുകളുടെ താക്കോൽ കൈമാറ്റത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കഠിനംകുളം ഗ്രാമപഞ്ചായത്തിലെ ചാന്നാങ്കര 16-ാം വാർഡിലെ താമസക്കാരായ അമീർ - ഐഷ ദമ്പതിമാർക്ക് നൽകി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

വികസനത്തിന്റെ സ്വാദ് എല്ലാവരും രുചിക്കണം. ഇന്ത്യയിൽ തന്നെ പാവപ്പെട്ടവർക്ക് ഒരു സംസ്ഥാനം ഇത്രയധികം വീടുകൾ നിർമ്മിച്ചു കൈമാറുന്നത് ആദ്യമാണ്. നാട് വികസിക്കുമ്പോൾ അത് കൂട്ടാക്കാത്ത ചിലരുണ്ട്. കേരളത്തിലെ പാർപ്പിട സൗകര്യം വർദ്ധിക്കുന്നത് നാടിന്റെ വികസനത്തിന്റെ സൂചികയാണ്.

എൽ.ഡി.എഫ് ആഗ്രഹിക്കുന്ന സമഗ്രവികസനം സർവതല സ‌്പർശിയും സാമൂഹ്യ നീതിയിലധിഷ്ഠിതവുമാണ്. ഒപ്പം മറ്റു വൻകിട, ചെറുകിട പദ്ധതികളും ഉണ്ടാകണം. കേരളത്തിൽ നടക്കില്ല എന്നുകരുതിയ ചില കാര്യങ്ങൾ യാഥാർത്ഥ്യമാകുന്നതാണ് ഇപ്പോൾ കാണുന്നത്.

അതിലൊന്നാണ് ദേശീയപാതാ വികസനം. പാതയ്ക്ക് സ്ഥലമേറ്റെടുത്തതുമായി ബന്ധപ്പെട്ട് ആരും വഴിയാധാരമായിട്ടില്ല. ആനുകൂല്യങ്ങൾ ലഭിച്ചപ്പോൾ അവരെല്ലാം സന്തുഷ്ടരായി. വികസനത്തിന് വലിയ പദ്ധതികൾ പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി എം.വി. ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. വി. ശശി എം.എൽ.എ, ലൈഫ് മിഷൻ സി.ഇ.ഒ പി.ബി. നൂഹ്, നവകേരളം ക‌ർമ്മപദ്ധതി കോ-ഓർഡിനേറ്റർ ടി.എൻ. സീമ, പോത്തൻകോട് ബ്ളോക്ക് പഞ്ചായത്ത് ടി.ആർ. ഹരിപ്രസാദ്, കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത അനി, പോത്തൻകോട് ബ്ളോക്ക് പഞ്ചായത്ത് തുമ്പ ഡിവിഷൻ മെമ്പർ ജെഫേഴ്സൺ, കഠിനംകുളം പഞ്ചായത്ത് 16-ാം വാർഡ് മെമ്പർ റീത്ത നിക്സൺ തുടങ്ങിയവർ പങ്കെടുത്തു.