police-sagham

കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ നാലാം വാർഡായ മരുതിക്കുന്നിലെ ഉപതിരഞ്ഞെടുപ്പിൽ 78.9 ശതമാനം പോളിംഗ്. പ്രതികൂല കാലവസ്ഥയിലും കനത്ത സുരക്ഷയിൽ മികച്ച പോളിംഗാണ് നടന്നത്. തുടക്കം മന്ദഗതിയിലായിരുന്നെങ്കിലും ഉച്ചയ്ക്ക് ഒരു മണിയോടെ പോളിംഗ് 50 ശതമാനം കടന്നു. വൈകിട്ട് 4 കഴിഞ്ഞപ്പോൾ അത് 60 ശതമാനം പിന്നിട്ടു. മരുതിക്കുന്ന് ബി.വി.യു.പി സ്കൂളിലെ രണ്ട് ബൂത്തുകളിലായിരുന്നു വോട്ടെടുപ്പ്. ആകെ വോട്ടർമാർ 2178. ഇതിൽ സ്ത്രീകൾ 1156. പുരുഷന്മാർ 1022.

വോട്ട് രേഖപ്പെടുത്തിയത് 1719 പേർ.വോട്ടെടുപ്പ് സമാധാനപരമാക്കാൻ വർക്കല ഡി.വൈ.എസ്.പി നിയാസിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. കൂടാതെ കല്ലമ്പലം പൊലീസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു. വോട്ടെണ്ണൽ ഇന്ന് രാവിലെ 8ന് നാവായിക്കുളം പഞ്ചായത്ത്‌ ഓഫീസിൽ നടക്കും.എൽ.ഡി.എഫിൽ നിന്ന് എച്ച്. സവാദും, യു.ഡി.എഫിന്റെ ബി.രാമചന്ദ്രനും, ബി.ജെ.പിയിൽ നിന്ന് ഐ.ആർ. രാജീവും, എസ്.ഡി.പി.ഐയുടെ എം.നസീറുദ്ദീനും ബി.എസ്.പിയുടെ ദിനേശുമാണ് മത്സരിച്ചത്. പോക്സോ കേസിൽ പ്രതിയായ സി.പി.എമ്മിലെ എസ്. സഫറുള്ള അംഗത്വം രാജിവച്ച സാഹചര്യത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.