photo1

നെടുമങ്ങാട്: സംസ്ഥാനത്ത് ഭൂമി ഇല്ലാത്ത അർഹരായ മുഴുവൻ പേർക്കും ഭൂമി നൽകുന്നതിന് വേണ്ടി വന്നാൽ നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളും മാറ്റുമെന്ന് റവന്യൂമന്ത്രി കെ. രാജൻ പറഞ്ഞു.
നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷനിൽ പേരുമല സ്വദേശി 75കാരിയായ സുമതിക്ക് പട്ടയം നൽകിക്കൊണ്ട് പട്ടയവിതരണമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ഭൂരഹിതരായ മുഴുവൻ പേർക്കും ഭൂമി കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്. മലയോര ആദിവാസി മേഖലകളിൽ അർഹരായവർക്ക് ഈ സാമ്പത്തിക വർഷത്തിൽ തന്നെ പട്ടയം ലഭ്യമാക്കും. വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരു വർഷത്തിനുള്ളിൽ ജില്ലയെ സമ്പൂർണ ഇ-ജില്ല ആക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു.

താലൂക്കിൽ 301 കുടുംബങ്ങൾക്കാണ് പട്ടയങ്ങൾ വിതരണം ചെയ്തത്. ചടങ്ങിൽ മന്ത്രി ജി. ആർ. അനിൽ അദ്ധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ് എം.പി, ഡി.കെ. മുരളി എം.എൽ.എ, ജില്ല കളക്ടർ നവജ്യോത് സിംഗ് ഖോസ, നഗരസഭ ചെയർപഴ്സൻ സി. എസ് ശ്രീജ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ വി. അമ്പിളി, ഇന്ദുലേഖ, കോമളം, എ.ഡി.എം മുഹമ്മദ് കബീർ, തഹസിൽദാർ അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു