പൂവാർ: പൂവാർ പഞ്ചായത്തിലെ അരശുംമൂട് വാർഡിൽ ഇന്നലെ നടന്ന ഉപതിരഞ്ഞെടുപ്പിൽ 83.6 ശതമാനം പേർ വോട്ട് രേേഖപ്പെടുത്തി. രാവിലെ മന്ദഗതിയിൽ ആരംഭിച്ച പോളിംഗ് 10ഓടെ ശക്തി പ്രാപിച്ചു. ഉച്ചയ്ക്ക് 2 വരെ പെയ്ത ചാറ്റൽ മഴയും പോളിംഗിന് തടസമായില്ല. വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. പൂവാർ പഞ്ചായത്തിലെ അരശുംമൂട് വാർഡിൽ എൽ.ഡി.എഫ് അംഗമായിരുന്ന ബാഹുലേയൻ മരണപ്പെട്ടതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. വി.എസ്. ഷിനു (യു.ഡി.എഫ്), എൻ.സഞ്ചു (എൽ.ഡി.എഫ്), ശ്രീരജ്ഞിനി(ബി.ജെ.പി) എന്നിവരാണ് മത്സരാർത്ഥികൾ. ആകെയുള്ള1141 വോട്ടർമാരിൽ 955 പേർ സമ്മതിദാനം രേഖപ്പെടുത്തി. ഇതിൽ 446 പുരുഷൻമാരും 509 സ്ത്രീകളുമാണ്.
അരുമാനൂർ എം.വി.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പോളിംഗ് ശാന്തമായിരുന്നു. വോട്ടെണ്ണൽ ഇന്ന് രാവിലെ പാറശാല ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കും. രാവിലെ 10ഓടെ ഫലപ്രഖ്യാപനവും ഉണ്ടാകും.