
ഒറ്റപ്പാലം: ഷൊർണൂർ കയിലിയാട്ട് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഗൃഹനാഥനെയും മക്കളെയും ഒറ്റപ്പാലം കോടതി പത്തുവർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കയിലിയാട് തേലശ്ശേരി പറമ്പിൽ വീട്ടിൽ വേലുദാസനെ (41) വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളായ കയിലിയാട് ഞാളൂർ പള്ളിയാലിൽ വീട്ടിൽ തങ്കമണി എന്ന നാരായണൻ (62) മക്കളായ ഗിരീഷ് (32), വാവ എന്ന ഉണ്ണികൃഷ്ണൻ (31) എന്നിവരെ ഒറ്റപ്പാലം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി പി.സൈതലവി ശിക്ഷിച്ചത്.
വേലുദാസിനെ വധിക്കാൻ ശ്രമിച്ചതിന് 10 വർഷം കഠിന തടവും 50000 രൂപ പിഴയും വെട്ടരിവാൾ കൊണ്ട് ഇരുകാലുകളിലും വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ചതിന് 10 വർഷം കഠിന തടവും 50,000 രൂപ പിഴയും, ദേഹോപദ്രവം ഏൽപ്പിച്ചതിന് 6 മാസം തടവും തടഞ്ഞു വെച്ചതിന് 15 ദിവസത്തെ തടവുമാണ് കോടതി വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 3 മാസം കൂടി തടവ് അനുഭവിക്കണം. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.
2017 ജനുവരി 17ന് രാത്രി എട്ടര മണിയോടെയാണ് പ്രതികളായ ഗിരീഷും ഉണ്ണികൃഷ്ണനും ചേർന്ന് കയിലിയാട് കാരങ്ങാട്ടുപറമ്പിൽവെച്ച് വേലുദാസിനെ തടഞ്ഞുവെയ്ക്കുകയും ഒന്നാംപ്രതിയായ നാരായണൻ വെട്ടരിവാൾ കൊണ്ട് വേലുദാസിന്റെ ഇരുകാലുകളിലും വെട്ടി കൊലപ്പെടുത്തുവാൻ ശ്രമിച്ചു എന്നാണ് കേസ്. സംഭവത്തിന് തലേദിവസം നാരായണനും വേലുദാസനും തമ്മിൽ കുളപ്പുള്ളിയിൽ വെച്ച് ഉന്തും തള്ളും നടന്നിരുന്നു. അതിന്റെ വിരോധത്തിലാണ് പ്രതികൾ വേലുദാസിനെ വധിക്കാൻ ശ്രമിച്ചത്. അന്നത്തെ ഒറ്റപ്പാലം പൊലീസ് ഇൻസ്പെക്ടർ പി.അബ്ദുൾ മുനീർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.ഹരി ഹാജരായി. കേസിൽ 20 സാക്ഷികളെ വിസ്തരിക്കുകയും അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച 26 രേഖകളും 3 മുതലുകളും പരിഗണിക്കുകയും ചെയ്തു.