a

തിരുവനന്തപുരം: സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തുന്ന പരിശോധനകൾ ജനകീയമാക്കും. വൃത്തിഹീനമായ കേന്ദ്രങ്ങളെ കുറിച്ച് പൊതുജനത്തിന് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ 1800 425 1125എന്ന ടോൾഫ്രീ നമ്പരിലേക്ക് വിളിക്കാം. ഭക്ഷണശാലകളിൽ ഈ നമ്പർ പ്രദർശിപ്പിക്കണം. പരാതി സംബന്ധിച്ച ഫോട്ടോകൾ അയയ്ക്കാൻ വാട്സാപ്പ് നമ്പർ ഉടൻ സജ്ജമാക്കും. ഭക്ഷ്യ സുരക്ഷാവകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് മന്ത്രി വീണാജോർജ് ഈ നിർദ്ദേശങ്ങൾ നൽകിയത്. ഭക്ഷ്യസുരക്ഷാരജിസ്‌ട്രേഷൻ/ലൈസൻസ് ഇല്ലാ സ്ഥാപനങ്ങൾ മൂന്ന് മാസത്തിനകം അത് വാങ്ങണം. മഴക്കാലം മുന്നിൽ കണ്ട് പരിശോധന തുടർച്ചയായി നടത്തണം. അടപ്പിച്ച കടകൾ തുറക്കുന്നതിന് കൃത്യമായ മാനദണ്ഡം വേണം. നിശ്ചിത ഇടവേളകളിൽ ജില്ലാതലത്തിൽ രണ്ടാഴ്ചയിലൊരിക്കൽ വിശകലനം ചെയ്യണം. അസി.കമ്മിഷണർമാർ ഇത് വിലയിരുത്തണം. എല്ലാ തലത്തിലുള്ള ഭക്ഷ്യവസ്തുക്കളും പരിശോധിക്കണം. പരിശോധനാ സമയത്ത് അത്യാവശ്യ ഘട്ടങ്ങളിൽ ഉദ്യോഗസ്ഥർക്ക് പൊലീസ് സുരക്ഷ തേടാവുന്നതെന്നും മന്ത്രി പറഞ്ഞു.

16 ദിവസം; പൂട്ടിയത് 283

 പരിശോധന നടന്ന സ്ഥാപനങ്ങൾ- 3297

 പൂട്ടിച്ചത് - 283

 നോട്ടീസ് നൽകിയത് - 1075

 നശിപ്പിച്ച മാംസം - 401 കിലോ

 പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ - 232

 പരിശോധന നടന്ന ജ്യൂസ് കടകൾ - 674

 പൂട്ടിച്ചത് - 8

 നോട്ടീസ് നൽകിയത് - 96

 പിടിച്ചെടുത്ത പഴകിയ മത്സ്യം - 6597 കിലോ