
കല്ലറ: കല്യാണപ്പുടവയും മൈലാഞ്ചിയും ആഭരണങ്ങളും അണിഞ്ഞ് അബിന ആദ്യം പോയത് പരീക്ഷ ഹാളിലേക്കായിരുന്നു.
ഇന്നലെ രാവിലെ 11.30നായിരുന്നു വിവാഹം. എന്നാൽ അതിന് മണിക്കൂറുകൾ മാത്രം ശേഷിക്കേയാണ് പരീക്ഷ എഴുതാൻ വിവാഹ വസ്ത്രമണിഞ്ഞ് വധു കോളേജിലെത്തിയത്. പാങ്ങോട് മന്നാനിയാ കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിലെ മൂന്നാംവർഷ ബി.കോം കോ -ഓപ്പറേഷൻ വിദ്യാർത്ഥിയും കടയ്ക്കൽ കാഞ്ഞിരത്തുംമൂട് അബിന മൻസിലിൽ സഫറുള്ളയുടെയും നബീസത്തിന്റെയും മകളുമായ അബിനയാണ് പരീക്ഷയെഴുതാനെത്തിയത്.
കഴിഞ്ഞ പന്ത്രണ്ടാം തീയതി നടത്താനിരുന്ന പരീക്ഷ ഇന്നലത്തേക്ക് യൂണിവേഴ്സിറ്റി മാറ്റിവച്ചതിനാലാണ് പരീക്ഷയും കല്യാണവും ഒരേ ദിവസം എത്തിയത്. അപ്രതീക്ഷിതമായിരുന്നെങ്കിലും വിവാഹ വേഷത്തിൽ തന്നെ അബീന ബന്ധുക്കളോടൊപ്പം കോളേജിൽ പരീക്ഷയ്ക്ക് എത്തി.
രാവിലെ 10ന് കേരള യൂണിവേഴ്സിറ്റിയുടെ ബി.കോം വൈവേ പരീക്ഷയായിരുന്നു. പരീക്ഷയും അറ്റൻഡ് ചെയ്ത് അബിന പോയത് 11.30ന് വിവാഹം നടക്കേണ്ട കാഞ്ഞിരത്തുംമൂട് എ.എം.ജെ ഹാളിലേക്കായിരുന്നു.ചടയമംഗലം പോരേടം നൈജാസ് മഹലിൽ നൗഷാദിന്റെയും ഷീജയുടെയും മകൻ നൈജാസ് ആണ് വരൻ. ആദ്യംതന്നെ അദ്ധ്യാപകർ അബീനയ്ക്ക് പരീക്ഷയ്ക്ക് അവസരം നൽകുകയും ചെയ്തു. അനുഗ്രഹിച്ചാണ് അദ്ധ്യാപകരും സഹപാഠികളും കോളേജിൽ നിന്ന് കല്യാണമണ്ഡപത്തിലേക്ക് അബിനയെ യാത്രയാക്കിയത്.