വക്കം: വക്കം ഗ്രാമപഞ്ചായത്തിൽ മഴക്കാല പൂർവ ശുചീകരണം അടിയന്തരമായി ആരംഭിക്കണമെന്നാവശ്യം ശക്തം. പ്രധാന റോഡുകളും, ഇട റോഡുകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. നിലയ്ക്കാമുക്ക് മുതൽ ആങ്ങാവിള വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലെയും ഓടകൾ അടഞ്ഞാണ് കിടക്കുന്നത്. ഇത് മൂലം നിലയ്ക്കാമുക്ക് മാർക്കറ്റ് അടക്കമുള്ള ഉയർന്ന പ്രദേശങ്ങളിൽ നിന്നുള്ള മലിനജലം റോഡിലൂടെയാണിപ്പോൾ ഒഴുകുന്നത്. ഇടവപ്പാതിക്ക് ദിവസങ്ങൾ മാത്രമാണുള്ളത്. കനത്ത മഴ പെയ്താൽ വലിയ നാശനഷ്ടം ഉണ്ടാകുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. പ്രധാന റോഡിൽ ഫാർമേഴ്സ് ബാങ്ക്, ആങ്ങാവിള, ചന്തമുക്ക് തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളക്കെട്ടായി. ഇട റോഡുകളിൽ വെള്ളക്കെട്ടിന് പരിഹാരമായി നിർമ്മിച്ച ഇന്റർലോക്ക് സംവിധാനങ്ങളും ഫലം കണ്ടില്ല. ഇടറോഡുകളിലും വെള്ളക്കെട്ടുകൾ വ്യാപകമാണ്.