വിഴിഞ്ഞം: ശക്തമായ കടലേറ്റത്തെ തുടർന്ന് പനത്തുറ തീരത്തെ കടൽഭിത്തികൾ തകർന്നു. വീടുകളിലും ക്ഷേത്രത്തിലും പള്ളിയിലും വെള്ളം കയറി. തിരയടി ശക്തമായി തുടർന്നാൽ വീടുകൾക്ക് കേടുപാടുണ്ടാകുമോ എന്ന ആശങ്കയിലാണ് പനത്തുറ നിവാസികൾ. സംരക്ഷണഭിത്തി തകർത്ത് കടൽത്തിര വീടുകളിൽ അടിച്ചുകയറുകയാണ്. മഴയും തിരയടിയും തുടർന്നാൽ ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്ന് അധികൃതർ പറഞ്ഞു.

കഴിഞ്ഞ വർഷമുണ്ടായ കടൽ ക്ഷോഭത്തിൽ തകർന്ന വീടുകളും സംരക്ഷണഭിത്തിയും സന്ദർശിച്ച അധികൃതർ പുലിമുട്ട് നിർമ്മാണവും സീവാൾ ബലപ്പെടുത്തലും ഉൽപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്‌ത് തീരുമാനിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.

ശാശ്വത പരിഹാരം കാണണം: ധീവരസഭ

രൂക്ഷമായ കടലാക്രമണ ഭീതി നേരിടുന്ന പനത്തുറയിലെ ജനങ്ങളെ സംരക്ഷിക്കുന്നതിന് പുലിമുട്ടുകൾ നിർമ്മിച്ച് കടൽഭിത്തി ബലപ്പെടുത്തണമെന്ന് അഖില കേരള ധീവരസഭ ജില്ലാ പ്രസിഡന്റ് പനത്തുറ പി. ബൈജു ആവശ്യപ്പെട്ടു.