
തിരുവനന്തപുരം: ബാർട്ടൺഹിൽ സ്വദേശിയും ഓട്ടോ ഡ്രെെവറുമായ അനിയെന്ന അനിൽകുമാറിനെ വെട്ടിക്കൊന്ന കേസിലെ നാല് പ്രതികളും കുറ്റക്കാരാണെന്ന് കോടതി . ശിക്ഷ 20ന് വിധിക്കും. നാലാം അഡിഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ബാർട്ടൺഹിൽ സ്വദേശികളായ വിഷ്ണു. എസ് ബാബുവെന്ന ജീവൻ, മനോജ്, മേരി രാജൻ, രാകേഷ് എന്നിവരാണ് പ്രതികൾ. ഗുണ്ടാ വെെരത്തിന്റെ പേരിലാണ് ജീവൻ എതിർചേരിയിലെ അനിയെ വെട്ടിക്കൊലപ്പെടുത്തിയത്. 2019 മാർച്ച് 24 ന് രാത്രി 11 മണിക്കായിരുന്നു സംഭവം. അനിയെ കൊലപ്പെടുത്തുന്നതിന് തലേദിവസമാണ് ഒാപ്പറേഷൻ ബോൾട്ടിന്റെ പേരിൽ പിടിയിലായിരുന്ന ജീവനെ പൊലീസ് വിട്ടയച്ചത്. പല തവണ കാപ്പ കേസിൽ കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുള്ളയാളാണ് ജീവൻ. മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യ മൊഴി നൽകിയിരുന്ന സാക്ഷികൾ പോലും പ്രതികളുടെ ഭീഷണിയെ തുടർന്ന് കൂറുമാറിയിരുന്നു. ബാർട്ടൺഹിൽ ജംഗ്ഷന് സമീപം നിൽക്കുകയായിരുന്ന അനിയെ പിന്നിലൂടെ എത്തിയാണ് വെട്ടി വീഴ്ത്തിയത്. എട്ടോളം മുറിവുകളാണ് അനിയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ ദൃക് സാക്ഷിയായിരുന്ന അനിയുടെ ഭാര്യാ സഹോദരൻ രതീഷ് അടക്കം എല്ലാ സാക്ഷികളും വിചാരണയിൽ കൂറുമാറിയിരുന്നു. ജില്ലാ ഗവൺമെന്റ് പ്ളീഡർ വെമ്പായം എ.എ. ഹക്കീം ഹാജരായി.