1

വിഴിഞ്ഞം: മഴയിൽ തകർന്ന വീടിന് പകരം പുതിയത് നിർമ്മിച്ച് നൽകി ആഴാകുളം ക്രിസ്തുരാജ ദൈവാലയം. വീടിന്റെ ആശീർവാദകർമ്മം തിരുവനന്തപുരം അതിരൂപത മെത്രാപ്പൊലീത്ത തോമസ് ജെ.നെറ്റോ നിർവഹിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ്‌ വൃദ്ധയും ഏകയുമായ പനങ്ങോട് പുളിമൂട്ട് മേലെ വീട്ടിൽ സുശീലയുടെ വീടാണ് കനത്തമഴയിൽ തകർന്നത്. ഇവരുടെ ദയനീയാവസ്ഥ കണ്ട് ആഴാകുളം ക്രിസ്തുരാജ ദൈവാലയം പുതിയ വീട് നിർമ്മിച്ച് നൽകുകയായിരുന്നു. ഇടവക വികാരി ഫാ. ജോണി പുത്തൻവീട്ടിലിന്റെ നേതൃത്വത്തിലാണ് ഈ സംരംഭം ഏറ്റെടുക്കാനും പൂർത്തിയാക്കാനും ഇടവകയ്ക്കായത്. 5.5 ലക്ഷം രൂപ ചെലവായി. ആഴാകുളം ക്രിസ്തുരാജ ദൈവലയത്തിന്റെ പ്രവർത്തനഫലമായി പൂർത്തിയാക്കിയ അഞ്ചാമത്തെ ഭവനമാണിത്. കൂടാതെ അശരണരായവർക്ക് മാസംതോറും പെൻഷൻ നല്കുന്ന കരുണാമയൻ പദ്ധതിയും ഇടവക നടപ്പിലാക്കുന്നുണ്ട്.