തിരുവനന്തപുരം:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ജില്ലയിലെ നാല് വാർഡുകളിൽ എൽ.ഡി.എഫും യു.ഡി.എഫും 2 സീറ്റുകൾ വീതം നേടി.ഒരു സീറ്റ് സി.പി.എമ്മിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്തു. അതിയന്നൂർ ഗ്രാമ പഞ്ചായത്തിലെ കണ്ണറവിള വാർഡിൽ നടന്ന തിരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥി എൻ.വിജയകുമാർ 130 വോട്ടിന് സീറ്റ് നിലനിറുത്തി.സി.പി.എമ്മിലെ രാജഗോപാൽ മരിച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്.
പൂവാർ ഗ്രാമപഞ്ചായത്തിലെ അരശുംമൂട് വാർഡിൽ നടന്ന തിരഞ്ഞെടുപ്പിൽ സി.പി.എമ്മിൽ നിന്നും കോൺഗ്രസ് സീറ്റ് പിടിച്ചെടുത്തു.കോൺഗ്രസ് സ്ഥാനാർത്ഥി വി.എസ്.ഷിനു 31 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സി.പി.എം അംഗം ബാഹുലേയന്റെ മരണത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്.
നാവായിക്കുളം ഗ്രാമ പഞ്ചായത്തിലെ മരുതിക്കുന്ന് വാർഡ് സി.പി.എം നിലനിറുത്തി. 22 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സവാദ് വിജയിച്ചത്.സി.പി.എം അംഗം രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
കല്ലറ ഗ്രാമ പഞ്ചായത്തിലെ കൊടിതൂക്കിയകുന്ന് വാർഡിൽ നടന്ന തിരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റ് യു.ഡി.എഫ് നിലനിറുത്തി.150 വോട്ടിന്റെ ഭൂപരിക്ഷത്തിലാണ് കോൺഗ്രസ് സ്ഥാനാർത്ഥി മുഹമ്മദ് ഷാ വിജയിച്ചത്.കോൺഗ്രസ് അംഗമായിരുന്ന ആനാപച്ച സുരേഷിന്റെ മരണത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്.