prabha-kumari

പാലോട്: പുലർച്ചെ വീട്ടിൽ പ്രസവിച്ച നിർദ്ധന യുവതിക്കും കുഞ്ഞിനും രക്ഷകരായി പെരിങ്ങമ്മല കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ. പെരിങ്ങമ്മല പറക്കോണം കിഴക്കുംക്കര പുത്തൻ വീട്ടിൽ വിജയന്റെ ഭാര്യ അഞ്ചുവാണ് വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്.ഞായറാഴ്ച പുലർച്ചെ 2ഓടെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സമീപത്ത് തന്നെ താമസിക്കുന്ന ആശാവർക്കറായ പ്രഭാകുമാരിയെ അഞ്ചുവിന്റെ ബന്ധുക്കൾ വിവരം അറിയിക്കുകയായിരുന്നു. പ്രഭാകുമാരി പെരിങ്ങമ്മല കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാരായ രേഖാ.ജി.നായരെയും,പി.മിനിമോളേയും വിവരം അറിയിച്ചു. കോരിച്ചൊരിയുന്ന പെരുമഴയത്ത് രണ്ടും കല്പിച്ചു കിട്ടിയ ഓട്ടോറിക്ഷയിൽ നഴ്സുമാർ പറക്കോണത്തെ വീട്ടിലെത്തി.

ഇതിനിടയിൽ സ്വകാര്യ ആംബുലൻസിനും വിവരം കൈമാറി. ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ പ്രസവവേദന കലശലാകുകയും തുടർന്ന് യുവതി വീട്ടിൽ തന്നെ പ്രസവിക്കുകയും ചെയ്‌തു. പ്രസവ ശുശ്രൂഷകൾ നഴ്സുമാർ തന്നെ നോക്കി. പ്രഭാകുമാരി സഹായിയായി.പൊക്കിൾക്കൊടി വേർപെടുത്തി കുഞ്ഞിനെ വൃത്തിയാക്കി അമ്മയെയും കുഞ്ഞിനെയും ആംബുലൻസിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു.

അമ്മയുടെ ബി.പിയിൽ നേരിയ വ്യത്യാസം കണ്ടതിനെ തുടർന്ന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി.

അമ്മയും കുഞ്ഞും സുരക്ഷിതരെന്ന് ബോദ്ധ്യപ്പെട്ടതിന് ശേഷമാണ് രേഖയും മിനിമോളും പ്രഭാകുമാരിയും വീട്ടിലേക്ക് മടങ്ങിയത്. നിർദ്ധന യുവതിയുടെ സാമ്പത്തിക പരാധീനത മനസിലാക്കി ആംബുലൻസിന്റെ വാടകയും നഴ്‌സുമാർ നൽകി. രേഖ മുൻപ് ഇടവത്തുള്ള ആദിവാസി യുവതിയുടെ പ്രസവം സമാന രീതിയിൽ എടുത്തിരുന്നു.