ktda

കാട്ടാക്കട: കുളത്തുമ്മൽ വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണത്തിൽ അപാകതകൾ ഉള്ളതായി പരാതി. പഴയ വില്ലേജ് ഓഫീസ് കെട്ടിടം പൂർണമായി പൊളിച്ചു മാറ്റാതെ പഴയ ചുമരുകൾ നിലനിറുത്തിയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നതെന്നാണ് ആക്ഷേപം.

കുളത്തുമ്മൽ വില്ലേജ് ഓഫീസും റൂറൽ ജില്ലാ ട്രഷറിയും സ്ഥിതി ചെയ്യുന്നത് 26 സെന്റ് സ്ഥലത്താണ്. ഇതിൽ 16 സെന്റ് ട്രഷറിക്കും 10 സെന്റ് വില്ലേജ് ഓഫീസിനുമാണ്. കാലപ്പഴക്കം ചെന്ന ഓടിട്ട പഴയ കെട്ടിടത്തോട് ചേർന്ന് വില്ലേജ് ഓഫീസർക്ക് ഉള്ള മുറിയും സ്റ്റോർ മുറിയുമായി രണ്ടു വർഷത്തിന് മുൻപ് മൂന്ന് വശത്തും ചുമരുകൾ കെട്ടി കോൺക്രീറ്റ് ചെയ്തു. സ്മാർട്ട് വില്ലേജായി ഉയർത്താനിരിക്കെയാണ് ലക്ഷങ്ങൾ ചെലവിട്ട് ഈ അനാവശ്യ നിർമിതി നടത്തിയതെന്ന് അന്നേ ആക്ഷേപമുണ്ടായിരുന്നു.

നിർമ്മാണ പ്രവൃത്തികൾ നടക്കുന്നയിടങ്ങളിൽ പൊതുജനമോ രാഷ്ട്രീയ ജനപ്രതിനിധികളോ നേതാക്കളോ തിരിഞ്ഞുനോക്കാറില്ലെന്ന സൗകര്യം മുതലെടുത്താണ് നിർമ്മാണ പ്രവൃത്തികളിൽ അഴിമതി കലർത്തുന്നത്. വികസനം വരും എന്നറിയെ തന്നെ പൊളിക്കാനായി മാത്രം നിർമ്മിക്കുന്ന വില്ലേജ് ഓഫീസിനെതിരെ വ്യാപകമായ പരാതിയാണുള്ളത്.