
വെഞ്ഞാറമൂട്: വാമനപുരം നദിയുമായി ബന്ധപ്പെട്ടുള്ള കുടിവെള്ള പദ്ധതികളെ സംരക്ഷിക്കുകയും അനുബന്ധ ജലസ്രോതസുകളുടെ ശുചിത്വം ഉറപ്പാക്കുകയും ചെയ്യുന്ന പദ്ധതിയാണ് 'നീർധാര'യെന്ന് ഡി.കെ. മുരളി എം.എൽ.എ പറഞ്ഞു. 'വാമനപുരം നദിക്കായി നീർധാര ജനകീയ പദ്ധതി'യുടെ ആദ്യ ശില്പശാലയിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശദമായ പദ്ധതി റിപ്പോർട്ടും യോഗത്തിൽ അവതരിപ്പിച്ചു.
പദ്ധതി മികച്ച രീതിയിൽ നടപ്പാക്കുന്നതിന് നദി ഒഴുകുന്ന ഗ്രാമ പഞ്ചായത്തുകളിലെ സാദ്ധ്യതകൾ പരിശോധിച്ച് മാതൃകാപ്രവർത്തനങ്ങൾ നടപ്പാക്കണമെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ നിർദ്ദേശിച്ചു. നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി 2022 മുതൽ 2025 വരെയുള്ള കാലയളവിൽ 'നീർധാര' പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ജൂൺ അവസാന വാരത്തിൽ പദ്ധതിയുടെ ജനകീയ കൺവെൻഷൻ സംഘടിപ്പിക്കും. ജൂൺ 15 മുതൽ പ്രാദേശിക ജനകീയ സമിതി രൂപീകരണ കൺവെൻഷനും ജൂലായ് പകുതിയോടെ മദ്ധ്യതല ജനകീയ കൺവെൻഷനും നടക്കും. ജൂൺ ഒന്ന് മുതൽ10 വരെ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഏറ്റെടുക്കേണ്ട ചുമതലകളെ സംബന്ധിച്ച ചർച്ച സംഘടിപ്പിക്കാനും ശില്പശാലയിൽ തീരുമാനമായി.
കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ശില്പശാലയിൽ സബ്കളക്ടർ മാധവിക്കുട്ടി, ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്‌സൺ കുമാരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം, ഭൂവിനിയോഗ കമ്മീഷണർ എ. നിസാമുദ്ദീൻ, നവകേരളം കർമ്മപദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ ഡി.ഹുമയൂൺ, സി.ഇ.ഡി പ്രോഗ്രാം ഓഫീസർ ബി.ബൈജു തുടങ്ങിയവർ പങ്കെടുത്തു.