തിരുവനന്തപുരം: സഹകരണ മേഖലയെ കോർപ്പറേറ്റ്‌ വത്കരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ഗൂഢശ്രമമാണ് ദേശീയതലത്തിൽ രൂപീകരിക്കുന്ന പുതിയ സഹകരണ നയത്തിന് പിന്നിലുള്ളതെന്ന് ഡോ. ശശി തരൂർ എം.പി പറഞ്ഞു. 'പുതിയ ദേശീയ സഹകരണ നയം: നീക്കങ്ങൾ, ചിന്തകൾ, വെല്ലുവിളികൾ" എന്ന വിഷയത്തിൽ കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് പ്രഥമ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികേന്ദ്രീകരണമെന്ന സഹകരണ തത്വങ്ങൾക്ക് വിരുദ്ധവും ഭരണഘടനയുടെ ഫെഡറൽ സ്വഭാവം ലംഘിച്ചും സംസ്ഥാന വിഷയമായ സഹകരണത്തെ കൈപ്പിടിയിലൊതുക്കാനുമുള്ള ശ്രമങ്ങളാണ് കേന്ദ്രം നടത്തുന്നത്. സഹകരണ മേഖലയിലേക്ക് വിദേശനിക്ഷേപം ക്ഷണിക്കണമെന്ന ആവശ്യം ബി.ജെ.പി ഭരിക്കുന്ന ചില സംസ്ഥാനങ്ങളിൽ നിന്നുയരുന്നതിനെ ഇതിനൊപ്പം ചേർത്തുവായിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരൻ അദ്ധ്യക്ഷനായി. ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ദേശീയ ജോയിന്റ് സെക്രട്ടറി കെ.എസ്. കൃഷ്ണ, മുൻ മന്ത്രി സി. ദിവാകരൻ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, ഓൾ ഇന്ത്യ കോഓർപ്പറേറ്റിവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പി. പ്രദീപ് കുമാർ, സ്വാഗത സംഘം ജനറൽ കൺവീനർ കെ.എസ്. ശ്യാംകുമാർ എന്നിവർ സംസാരിച്ചു.