തിരുവനന്തപുരം:പരിമിതികളൊക്കെയും പറക്കാനുള്ള ചിറകുകളാക്കി മാജിക് പ്ളാനറ്റിലുള്ള ഡിഫറന്റ് ആർട്ട് സെന്ററിലെ ഭിന്നശേഷി കുട്ടികളുടെ സംഘം എംപവറിംഗ് വിത്ത് ലൗ എന്ന പരിപാടിയിൽ പങ്കെടുക്കാനായി ഇന്ന് സിംഗപ്പൂരിലേക്ക് പറക്കുന്നു. 22ന് വൈകിട്ട് സിംഗപ്പൂർ സമയം 5.30ന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്ന 25 അംഗ സംഘത്തിന് തിരുവനന്തപുരം പ്രസ്ക്ളബിൽ കുട്ടികൾക്ക് പൂക്കൾ നൽകി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ യാത്രഅയപ്പ് നൽകി.സിംഗപ്പൂർ റിപ്പബ്ളിക് പോളിടെക്നിക് അഗോരാ ഹാളിൽ നടക്കുന്ന പരിപാടിയിൽ സിംഗപ്പൂർ സോഷ്യൽ ആൻഡ് ഫാമിലി ഡെവലപ്മെന്റ് പാർലമെന്ററി സെക്രട്ടറി എറിക് ചുവയും പങ്കെടുക്കും. മാജിക്, നൃത്തം, സംഗീതം, ഫിഗർഷോ ഇനങ്ങളാണ് കുട്ടികൾ അവതരിപ്പിക്കുക. ഇതാദ്യമായാണ് ഡിഫറന്റ് ആർട്ട് സെന്ററിലെ കുട്ടികൾ വിദേശത്ത് പരിപാടി അവതരിപ്പിക്കുന്നത്. യാത്രഅയപ്പ് ചടങ്ങിൽ ഗോപിനാഥ് മുതുകാടും പങ്കെടുത്തു.