1

തിരുവനന്തപുരം: കനത്തമഴയിൽ നഗരം വെള്ളക്കെട്ടിലായതിന് പിന്നാലെ പ്രതിഷേധം ശക്തമായതോടെ മഴക്കാല പൂർവ ശുചീകരണത്തിന് വേഗത കൂട്ടാൻ നഗരസഭ രംഗത്തിറങ്ങി. തുടർക്കഥയാകുന്ന വെള്ളക്കെട്ടും നഗരത്തിലെ മഴക്കാല പൂർവ ശുചീകരണം നേരിടുന്ന വെല്ലുവിളിയെയും കുറിച്ച് കേരളകൗമുദി വാർത്ത നൽകിയതിന് പിന്നാലെയാണ് നടപടി.

നഗരത്തിലെ ഓടകളും തോടുകളും മാലിന്യവും ചെളിയുമായി നിറഞ്ഞിരിക്കുന്നതിനാൽ മലിനജലം പുറത്തേക്ക് ഒഴുകുന്ന സ്ഥിതിയായിരുന്നു. മഴയ്‌ക്ക് മുമ്പേ അവയൊക്കെ വൃത്തിയാക്കാനായിരുന്നു പ്ളാനെങ്കിലും നഗരസഭയ്‌ക്ക് അതിന്റെ ജോലികൾ തുടങ്ങിവയ്‌ക്കാൻ പോലുമായില്ല. കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായിരുന്നു. ഈ സാഹചര്യത്തിലാണ് മഴക്കാല പൂർവ ശുചീകരണം നടത്താൻ തീരുമാനിച്ചത്. ഇതിന്റെ തുടർനടപടികൾ ചർച്ച ചെയ്യുന്നതിന് വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികളുടെയും നിർവഹണ ഉദ്യോഗസ്ഥരുടെം യോഗം ചേർന്നു.

മഴക്കാലപൂർവ ശുചീകരണവുമായി ബന്ധപ്പെട്ട് 1117 പ്രവൃത്തികൾ നഗരസഭ കൗൺസിൽ അംഗീകരിക്കുകയും 426 എണ്ണം പൂർത്തിയാകുകയും ചെയ്‌തു. നഗരസഭാ പരിധിയിലുള്ള എല്ലാ സർക്കാർ സ്‌കൂളുകളും പരിശോധിച്ച് പരാതികൾ പരിഹരിക്കുന്നതിന് യോഗത്തിൽ ബന്ധപ്പെട്ട ഹെൽത്ത് ഇൻസ്‌പെക്ടർമാർക്ക് ചുമതല നൽകിയിട്ടുണ്ട്.

സ്‌കൂൾ പരിസരങ്ങളിലെ അപകടകരമായ മരങ്ങളുടെ ചില്ലകൾ മുറിച്ചുമാറ്റുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. മഴക്കാല പൂർവ ശുചീകരണവുമായി ബന്ധപ്പെട്ട പരാതികൾ നൽകുന്നതിന് കൺട്രോൾ റൂം തുറക്കാനും യോഗത്തിൽ തീരുമാനമായി.

നടപടികൾ വേഗത്തിൽ

------------------------------------

22 മുതൽ 29 വരെ വാർഡ് അടിസ്ഥാനത്തിൽ വീടും പരിസരവും പൊതുയിടങ്ങളും ശുചിത്വ സ്‌ക്വാഡുകൾ രൂപീകരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കും. പൊതുജനാരോഗ്യത്തിന് ഹാനികരമായ മാലിന്യപ്രശ്‌നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. 22ന് നഗരസഭാ പരിധിയിൽ ഡ്രൈഡേ ആചരിക്കാനും തീരുമാനിച്ചു.