
മാരാരിക്കുളം: ലഹരി കടത്ത് സംഘം തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച യുവാവിനെ പൊലീസ് കണ്ടെത്തി മോചിപ്പിച്ചു,കേസിൽ 2 പ്രതികൾ പിടിയിലായി. മണ്ണഞ്ചേരി പഞ്ചായത്ത് 15-ാം വാർഡിൽ ആര്യാട് നോർത്ത് കോളനിയിൽ ശ്യാംകുമാറി(21)നെയാണ് തട്ടിക്കൊണ്ടുപോയി ശാരീരികമായി ഉപദ്റവിച്ചത്.
ഇതുമായി ബന്ധപ്പെട്ട് നൂറനാട് പാലക്കൽ പഞ്ചായത്ത് 9-ാം വാർഡിൽ കണ്ടിരിയകത്ത് വീട്ടിൽ ആദിൽ മുഹമ്മദ് (18),കായംകുളം എരുവ കുറ്റിത്തി കിഴക്കേതിൽ സഹീർഖാൻ (20) എന്നിവരാണ് പിടിയിലായത്. ബംഗ്ലുരുവിൽ ഡെലിവറി ബോയ്, സെയിൽസ്മാൻ തുടങ്ങി പലവിധ ജോലികൾ ചെയ്യുന്നതിനിടെ പരിചയപ്പെട്ട് സുഹൃത്തുക്കളായവരാണ് എല്ലാവരും.എന്നാൽ അവിടെ വച്ച് സാമ്പത്തിക ഇടപാടിൽ തർക്കമുണ്ടാവുകയും പ്രതികളിലൊരാളുടെ ബുള്ളറ്റും മൊബൈലും ശ്യാംകുമാർ ഇടപെട്ട് വിൽപ്പന നടത്തിയിരുന്നു. ഇതിലുള്ള വൈരാഗ്യത്തിൽ സൗഹൃദം നടിച്ച് കഴിഞ്ഞ വെള്ളിയാഴ്ച ശ്യാംകുമാറിനെ പ്രതികൾ ആദികാട്ടുകുളങ്ങരയിലേക്ക് വിളിച്ചു വരുത്തി ലോഡ്ജിൽ രഹസ്യമായി തടവിൽ പാർപ്പിച്ച് ശാരീരികമായി ഉപദ്റവിക്കുകയായിരുന്നു.വീട്ടുകാരുടെ പരാതിയിൽ മണ്ണഞ്ചേരി പൊലീസ് ശ്യാംകുമാറിന്റെ മൊബൈൽ ടവർ ലൊക്കേഷൻ മനസിലാക്കിയാണ് ലോഡ്ജ് കണ്ടെത്തിയത്. അവശനിലയിലായിരുന്ന ശ്യാംകുമാറിനെ മോചിപ്പിക്കുകയും ഈ സമയം ഇവിടെയുണ്ടായിരുന്ന 2 പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കേസിലെ മുഖ്യപ്രതി ആദിൽ മുഹമ്മദിന്റെ സഹോദരൻ ഒളിവിലാണ്.ലഹരി കടത്തിന് നേരത്തെ ഇയാൾ പിടിക്കപ്പെട്ടിരുന്നു. ബംഗ്ലുരുവിൽ ജോലിയുണ്ടെന്നു പറയുന്ന പ്രതികൾ മാസത്തിൽ പല തവണ നാട്ടിൽ വരുന്നത് ലഹരിക്കടത്തിന്റെ ഭാഗമാണെന്നും പൊലീസ് സംശയിക്കുന്നു. മുഖ്യപ്രതിയെ പിടികൂടിയാലെ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്നും പിടിയിലായ പ്രതികളും മുമ്പും ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നും പൊലീസ് പറഞ്ഞു സി.ഐ പി.കെ.മോഹിതിന്റെ നിർദ്ദേശ പ്രകാരം എസ്.ഐ കെ.ആർ.ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.