health

 ശസ്ത്രക്രിയയും അനസ്‌തേഷ്യയും സങ്കീർണം  ശസ്ത്രക്രിയ ഏഴ് മണിക്കൂർ നീണ്ടു

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിൽ 10 ലക്ഷത്തോളം രൂപ ചെലവിൽ നടത്തുന്ന നട്ടെല്ലിനുള്ള സങ്കീർണമായ ശസ്ത്രക്രിയ ജനറൽ ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കി. ഹെൽത്ത് സർവീസിന് കീഴിലുള്ള ആശുപത്രികളിൽ ആദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രിയ നടക്കുന്നത്. സർക്കാർ മേഖലയിൽ മെഡിക്കൽ കോളേജുകളിലാണ് ഇതിനുള്ള സൗകര്യമുള്ളത്.

രോഗികളുടെ എണ്ണം കൂടുതലായതിനാൽ ശസ്ത്രക്രിയയ്‌ക്ക് കാത്തിരിക്കുന്നവർ നിരവധിയാണ്. ഈ സാഹചര്യത്തിലാണ് ജനറൽ ആശുപത്രിയുടെ നേട്ടം സാധാരണക്കാർക്ക് ആശ്വാസകരമാകുന്നത്. നട്ടെല്ലിന്റെ കണ്ണി വിട്ടുപോയതിനെ തുടർന്ന് അസഹനീയമായ വേദനയും കാലിന് ബലക്ഷയവുമായി ചികിത്സതേടിയ 59കാരനെയാണ് ബുധനാഴ്ച ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കിയത്. നട്ടെല്ലിന് ആവശ്യമായ മാറ്റം വരുത്തി നിരവധി സ്ക്രൂവും പ്ലേറ്റും ഘടിപ്പിച്ചാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്.

ഓർത്തോസർജൻ ഡോ.വിവേക് മാത്യു,​ അനസ്‌തേഷ്യ സീനിയർ കൺസൾട്ടന്റ് ഡോ.ബിപിൻ എന്നിവരുടെ നേതൃത്വത്തിൽ രാവിലെ 9ന് ആരംഭിച്ച ശസ്ത്രക്രിയ വൈകിട്ട് നാലിനാണ് അവസാനിച്ചത്. നട്ടെല്ലിനുള്ള ശസ്ത്രക്രിയയായതിനാൽ രോഗിയെ കമഴ്‌ത്തിക്കിടത്തി വേണം അനസ്തേഷ്യ നൽകേണ്ടത്. ശസ്ത്രക്രിയയ്‌ക്ക് ശേഷം രോഗിയെ കമഴ്‌ത്തി കിടത്തി വെന്റിലേറ്ററിലേക്ക് മാറ്റുന്നതിനാൽ പ്രത്യേക ശ്രദ്ധയും അനിവാര്യമാണ്.

നട്ടെല്ലിനായി പ്രത്യേക വിഭാഗം

നട്ടെല്ല് സംബന്ധിച്ച ചികിത്സയ്ക്കായി ജനറൽ ആശുപത്രിയിൽ പ്രത്യേകവിഭാഗം സജ്ജമാക്കാനുള്ള നടപടികൾ ആരംഭിച്ചു. ഹെൽത്ത് സർവീസിൽ ആദ്യ പദ്ധതിയാണിത്. ജന്മനാ നട്ടെല്ലിനുണ്ടാകുന്ന വൈകല്യങ്ങൾ,അപകടങ്ങളിലൂടെ കൈകാലുകൾ തളർന്നുപോകുന്ന സ്ഥിതി, പ്രായാധിക്യം കാരണമുള്ള പ്രശ്‌നങ്ങൾ തുടങ്ങിയവയ്‌ക്കുള്ള ശസ്ത്രക്രിയയും രോഗികളുടെ പുനരധിവാസവും കോർത്തിണക്കിയുള്ള ബൃഹത് പദ്ധതിയാണിത്.