തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ ഹൃദ്രോഗബാധ കാരണം മത്സ്യത്തൊഴിലാളി മരിച്ച സംഭവം പുനരന്വേഷിക്കാൻ പൊലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവ് നൽകി. മരണത്തിൽ ഭാര്യ ജസീന്ത ദുരൂഹത ആരോപിച്ച സാഹചര്യത്തിലാണ് അഞ്ചുതെങ്ങ് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് പുനരന്വേഷിക്കാൻ ഉത്തരവിട്ടത്.
2019ഫെബ്രുവരി 24നാണ് അഞ്ചുതെങ്ങ് സ്വദേശി ആൽബി തോമസ് മത്സ്യബന്ധനത്തിനിടെ ബോട്ടിൽ തലയിടിച്ചുവീണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തണമെന്ന തന്റെ ആവശ്യം പൊലീസ് നിരസിച്ചെന്നും ചിറയിൻകീഴ് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടത്തിയതെന്നും പരാതിയിൽ പറയുന്നു. മരണകാരണം ഹൃദ്രോഗമാണെന്നാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ ഭർത്താവിന് ഹൃദ്രോഗമുണ്ടായിരുന്നില്ലെന്ന് ജസീന്തയുടെ പരാതിയിലുണ്ട്.
ആൽബി തോമസിന്റെ മരണം ഹൃദ്രോഗം കാരണമാണെന്നും സ്വഭാവിക മരണമായി പരിഗണിച്ച് കോടതിക്ക് റിപ്പോർട്ട് നൽകിയെന്നും ആറ്റിങ്ങൽ ഡിവൈ.എസ്.പി കമ്മിഷനെ അറിയിച്ചു. പരാതിക്കാരി സമർപ്പിച്ച അപകടമരണ ഇൻഷ്വറൻസിനുള്ള ധനസഹായം സാങ്കേതിക കാരണങ്ങളാൽ നിരസിക്കപ്പെട്ടു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് ലഭിക്കുന്ന 50,000 രൂപയുടെ ധനസഹായം ഇതുവരെ ലഭിച്ചില്ല. പീഡിയാട്രിക് കൺസൾട്ടന്റാണ് പോസ്റ്റുമോർട്ടം നടത്തിയതെന്നും പരാതിക്കാരി ആരോപിച്ചു. പൊലീസ് തന്നെ കാണുകയോ മൊഴിയെടുക്കുകയോ ചെയ്‌തിട്ടില്ലെന്നും ജസീന്ത ആരോപിച്ചു.