വെഞ്ഞാറമൂട്: കല്യാണവീട്ടിന്റെ മുകളിൽ നിന്ന് യുവാവ് വീണ് മരിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. ഇക്കഴിഞ്ഞ ഞായറാഴ്ച കോലിയക്കോട് കീഴാമലയ്‌ക്കൽ എള്ളുവിള വീട്ടിൽ ഷിബു (31) മരിച്ച സംഭവത്തിലാണ് പിരപ്പൻകോട് അണ്ണൽ വിഷ്‌ണു ഭവനിൽ വിഷ്‌ണു (30), കടകംപള്ളി ആനയറ വെൺപാലവട്ടം ഈറോഡ് കളത്തിൽ വീട്ടിൽ ശരത് കുമാർ (25), കടകംപള്ളി ആനയറ ഈറോഡ് കുന്നിൽ വീട്ടിൽ നിധീഷ് (21) എന്നിവർ പിടിയിലായത്.

വിഷ്ണുവിന്റെ സഹോദരിയുടെ വിവാഹത്തിനെത്തിയതായിരുന്നു ഷിബുവും അറസ്റ്റിലായ മറ്റ് പ്രതികളും. രാത്രിയിൽ നാലുപേരും ചേർന്ന് വീടിന്റെ മുകളിൽ കയറി മദ്യപിച്ച ശേഷം താഴേക്കിറങ്ങുന്നതിനിടെ ഷിബു കാൽവഴുതി നിലത്ത് വീഴുകയും സാരമായി പരിക്കേൽക്കുകയും ചെയ്‌തു.

തുടർന്ന് അറസ്റ്റിലായ മൂന്നുപേരും ചേർന്ന് ഷിബുവിനെ ആദ്യം കന്യാകുളങ്ങര കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിക്കുകയും പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം ഡോക്ടറുടെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയും ചെയ്‌തു. മെഡിക്കൽ കോളേജിൽ പരിശോധിച്ച ഡോക്ടർ സ്‌കാനിംഗിനും എക്‌സ്‌റേക്കും നിർദ്ദേശിച്ചെങ്കിലും മറ്റൊരു ആശുപത്രിയിൽ കൊണ്ടുപോയി ഷിബുവിനെ ചികിത്സിക്കാമെന്ന് പറഞ്ഞ് ഇവർ നിർബന്ധപൂർവം ഡിസ്ചാർജ് വാങ്ങി. പിന്നാലെ ഓട്ടോയിൽ കയറ്റി കൊണ്ടുവന്ന ഷിബുവിനെ വീട്ടിലെത്തിക്കാൻ മറ്റൊരു സുഹൃത്തിനെ ഏല്പിച്ച ശേഷം മൂന്നുപേരും സ്ഥലംവിടുകയായിരുന്നു. ഷിബു മുത്തശ്ശിയോടൊപ്പമായിരുന്നു താമസം.

രാത്രിയോടെ ആരോഗ്യനില വഷളായ ഷിബുവിനെ ബന്ധുക്കൽ വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. തുടർന്ന് മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് ചികിത്സ കിട്ടാതെ ഷിബു മരിക്കാനിടയായ സംഭവത്തിൽ പ്രതികളെ കസ്റ്റഡിയിലെടുക്കുകയും മനപ്പൂർവമായ നരഹത്യയ്‌ക്ക് കേസെടുത്ത് കോടതിയിൽ ഹാജരാക്കുകയുമായിരുന്നു.