 ഒരാളെ വീട്ടിൽ നിന്ന് കണ്ടെത്തി

തിരുവനന്തപുരം: തമ്പാനൂർ ഡോൺ ബോസ്‌കോ ചൈൽഡ് കെയർ സെന്ററിൽ നിന്ന് ചാടിപ്പോയ നാലുകുട്ടികളിൽ ഒരാളെ വീട്ടിൽ നിന്ന് കണ്ടെത്തി. ഇന്നലെ ഉച്ചയോടെയാണ് കുട്ടികൾ കെട്ടിടത്തിന്റെ ഷീറ്റ് പൊളിച്ച് ചാടിപ്പോയത്. നാലുപേരും തിരുവനന്തപുരം നിവാസികളാണ്. വീട്ടിലെത്തിയ കുട്ടിയുമായി സംസാരിച്ചപ്പോഴാണ് മറ്റു മൂന്നുകുട്ടികളും അവരവരുടെ വീടുകളിലേക്കാണ് പോയതെന്ന് വ്യക്തമായതെന്ന് തമ്പാനൂർ പൊലീസ് പറഞ്ഞു.

കുട്ടികളെ കാണാതായെന്ന വിവരം ലഭിച്ചയുടൻ തന്നെ കുട്ടികളുടെ വീടുകളിലേക്കും അതത് പൊലീസ് സ്റ്റേഷനുകളിലേക്കും അറിയിപ്പ് നൽകിയിരുന്നതായി പൊലീസ് അറിയിച്ചു. വീട്ടിലെത്തിയ കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.