തിരുവനന്തപുരം: എയിംസിന്റെ പേരിൽ ചർച്ചകളും ഭൂമി ഒരുക്കലും നടത്തും മുമ്പ് പദ്ധതി കേരളത്തിന് ലഭിക്കുമോ എന്ന കാര്യമാണ് ആദ്യം ഉറപ്പാക്കേണ്ടതെന്ന് ഡോ. ശശി തരൂർ എം.പി പറഞ്ഞു. ട്രിവാൻഡ്രം ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു തരൂർ.

പദ്ധതി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനായി ഒട്ടേറെ പ്രയത്നിച്ച ആളാണ് താൻ. എന്നാൽ ഒരിടത്തുംനിന്നും അനുകൂല മറുപടിയല്ല ലഭിച്ചത്. ലോക്‌സഭയിൽ ഇതേക്കുറിച്ചുള്ള ഒരു ചോദ്യത്തിനു പോലും കേരളത്തെ പരിഗണിക്കുന്നുവെന്ന മറുപടി തനിക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ടാണ് പദ്ധതി ലഭിക്കുമോ എന്ന് ഉറപ്പിച്ച ശേഷം ചർച്ചകളിലേക്ക് കടന്നാൽ മതിയെന്ന് പറയുന്നത്.
പരിഗണിക്കുന്നു എന്ന് ഉറപ്പായാൽ ഒരു സ്ഥലം മാത്രമായി സംസ്ഥാന സർക്കാർ ചൂണ്ടിക്കാണിക്കരുത്. ആ സ്ഥലം അപര്യാപ്‌തമെന്ന; കേന്ദ്ര സംഘം വിലയിരുത്തിയാൽ പദ്ധതി തന്നെ നഷ്ടപ്പെടാൻ ഇടയാകും. അതിനാൽ കുറഞ്ഞത് മൂന്നിടത്തെങ്കിലും സ്ഥലം കണ്ടെത്തണം. തിരുവനന്തപുരത്തെ നെട്ടുകാൽത്തേരി പദ്ധതിക്ക് അനുയോജ്യമായ സ്ഥലമാണ്. കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങൾക്ക് ഗുണകരമായതിനാൽ കേന്ദ്ര അംഗീകാരം ലഭിക്കാൻ സാദ്ധ്യത കൂടുതലാണെന്നും ശശി തരൂർ പറഞ്ഞു. ചേംബർ പ്രസിഡന്റ് എസ്. എൻ. രഘുചന്ദ്രൻ നായർ, സെക്രട്ടറി എബ്രഹാം തോമസ്, കെ. ശ്രീകാന്ത്, ഭീമാ ഗോവിന്ദൻ, ഡോ. ജോൺ പണിക്കർ, രഞ്ജിത് രാമാനുജം തുടങ്ങിയവർ പങ്കെടുത്തു.