പാറശാല: ബൈക്കിലെത്തിയ ആൾ രാത്രി ക്ഷേത്ര കോമ്പൗണ്ടിൽ അതിക്രമിച്ചുകയറി ജീവനക്കാരനെ മർദ്ദിച്ചശേഷം ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ബുധനാഴ്ച രാത്രി 12.30ന് മുര്യങ്കര ഇലങ്കം ശ്രീ ഭുവനേശ്വരി ദേവീക്ഷേത്ര കോമ്പൗണ്ടിനുളിൽ അതിക്രമിച്ച് കയറിയ തമിഴ്‌നാട് സ്വദേശിയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പഞ്ചവാദ്യ വിദ്വാൻ മധുസൂദനനെ നിലവിളക്ക് കൊണ്ട് മർദ്ദിച്ച ശേഷം രക്ഷപ്പെട്ടത്. തമിഴ് സംസാരിച്ച ഇയാൾ മധുസൂദനനെ കണ്ടപ്പോൾത്തന്നെ റെയിൽവേ സ്റ്റേഷനിൽ വന്നതാണെന്നും ആഹാരം വേണമെന്നും ആവശ്യപ്പെട്ടതിന് ശേഷമാണ് ആക്രമിച്ചത്. മധുസൂദനൻ കൂട്ടമണിയടിച്ചത് കേട്ട് സമീപവാസികൾ എത്തിയപ്പോഴേക്കും ഇയാൾ രക്ഷപ്പെട്ടു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പാറശാല പൊലീസും സ്ഥലത്തെത്തിയിരുന്നു. ഉപേക്ഷിക്കപ്പെട്ട ബൈക്ക് മാർത്താണ്ഡം സ്വദേശിയുടെ പേരിലുള്ളതാണ്.