vilappil

 നഗരസഭയുടെ ഏറ്റവും ചെലവേറിയ പദ്ധതി

തിരുവനന്തപുരം:വിളപ്പിൽശാല മാലിന്യ ഫാക്ടറി സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് സ്ഥാപിക്കാനൊരുങ്ങുന്ന മിനി ടൗൺഷിപ്പ് പദ്ധതി നഗരസഭയുടെ ഇതുവരെയുള്ളതിൽ വച്ചേറ്റവും ചെലവേറിയ പദ്ധതിയാകും. 400 കോടി രൂപയാണ് എസ്‌റ്റിമേറ്റ്.നാല് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യം. മിനി ടൗൺഷിപ്പിനായി 11 നില കെട്ടിടമാണ് നിർമ്മിക്കുക. പദ്ധതിക്കായുള്ള താത്പര്യപത്രം നഗരസഭ ക്ഷണിച്ചു.നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് 2011ലാണ് മാലിന്യഫാക്ടറി അടച്ചുപൂട്ടിയത്.അന്നുമുതൽ ഭൂമി ഉപയോഗിക്കാതെ കിടക്കുകയായിരുന്നു.സ്ത്രീ സൗഹൃദവും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് മുൻതൂക്കം നൽകുന്നതുമായിരിക്കും ടൗൺഷിപ്പ്.

 46 ഏക്കർ
പ്ളാന്റ് സ്ഥിതി ചെയ്യുന്നത് 46 ഏക്കറിലാണെങ്കിലും ടൗൺ ഷിപ്പിനായി 36 ഏക്കർ ഭൂമിയേ ഉപയോഗിക്കുകയുള്ളൂ. ശേഷിക്കുന്ന ഭൂമി എന്ത് ചെയ്യണമെന്ന് ആലോചിച്ച് തീരുമാനമെടുക്കും.പദ്ധതിയുടെ പ്ളാൻ നഗരസഭ നൽകും. ഇതുപ്രകാരം നിർമ്മിക്കുന്ന ഫ്ളാറ്റുകളുടെ രൂപരേഖ കൺസൾട്ടൻസികൾക്ക് സമർപ്പിക്കാം.നാല് കമ്പനികൾ ഇതിനോടകം കരട് വിശദരേഖ സമർപ്പിച്ചിട്ടുണ്ട്.നഗരസഭയുടെ എൻജിനിയറിംഗ് വിദഗ്ദ്ധരടങ്ങിയ സമിതി പദ്ധതിരേഖ പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കും.നിർമ്മാണത്തിൽ നഗരസഭയെ സഹായിക്കുകയാണ് കൺസൾട്ടൻസികളുടെ ചുമതല.നിർമ്മാണ പുരോഗതി അനുസരിച്ചായിരിക്കും കൺസൾട്ടൻസിക്ക് തുക നൽകുക.നിർമ്മാണ സമയത്ത് കൺസൾട്ടൻസി കമ്പനിയുടെ പ്രതിനിധികൾ പദ്ധതിപ്രദേശം സന്ദർശിക്കുകയും നഗരസഭയ്ക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകുകയും വേണം.ടൗൺഷിപ്പിന്റെ വിശദ പദ്ധതിരേഖ (ഡി.പി.ആർ) തയ്യാറാക്കാൻ ഒരു കൺസൾട്ടൻസിയെ നഗരസഭ ചുമതലപ്പെടുത്തിയിട്ടുണ്ട്.അബ്ദുൾകലാം ടെക്നോളജി യൂണിവേഴ്‌സിറ്റി വിളപ്പിൽശാലയിലുള്ളതിനാൽ പ്രയോജനപ്രദമാകുന്ന തരത്തിൽ കൂടിയാണ് പദ്ധതി നടപ്പാക്കുക. 2017ൽ പ്രഖ്യാപിക്കുകയും യാഥാർത്ഥ്യമാകാതെ പോയതുമായ അമ്യൂസ്‌‌മെന്റ് പാർക്കും ഇതിൽ ഉൾപ്പെടുത്തിയേക്കും.

 ടൗൺഷിപ്പിലുള്ളത്
നഗരവനം, അപ്പാർട്ട്‌മെന്റ്, കൺവെൻഷൻ സെന്റർ, റസിഡൻഷ്യൽ ട്രെയിനിംഗ് സെന്റർ, വെയർ ഹൗസ്, ഉപേക്ഷിച്ച വാഹനങ്ങൾ സൂക്ഷിക്കാനുള്ള യാർഡ്. തെരുവ് നായ പുനരധിവാസകേന്ദ്രം, ഇൻഡോർ ഗെയിംസ് അവന്യൂ,കന്നുകാലി ഷെഡ്.

ചെലവ് 400 കോടി

11 നില കെട്ടിടം

 പ്ളാന്റ് സ്ഥിതി ചെയ്യുന്നത് 46 ഏക്കറിൽ
 ടൗൺഷിപ്പ് 36 ഏക്കറിൽ

 ഓരോ നിലയ്ക്കും 581 ചതുരശ്ര മീറ്റർ വിസ്തീർണം

പദ്ധതിയുടെ ഒന്നാംഘട്ടം രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കും. ഏതെങ്കിലും തരത്തിലുള്ള തടസങ്ങൾ ഉണ്ടായാൽ ചെലവ് 20% വരെ ഉയർന്നേക്കാം - ബിനു ഫ്രാൻസിസ്,​ കോർപ്പറേഷൻ സെക്രട്ടറി