
കുണ്ടും കുഴിയുമായി നഗരത്തിലെ റോഡുകൾ
തിരുവനന്തപുരം: വേനലവധി കഴിഞ്ഞ് സ്‌കൂൾ തുറക്കാൻ പത്ത് ദിവസം ശേഷിക്കെ നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ ശരിയാക്കാൻ നടപടി സ്വീകരിക്കാതെ പൊതുമരാമത്ത് വകുപ്പും സ്‌മാർട്ട് സിറ്റി അധികൃതരും. സ്‌മാർട്ട് റോഡുകളുടെ നിർമ്മാണത്തിനായാണ് നഗരത്തിലെ 9 വാർഡുകളിലെ പ്രധാനപ്പെട്ട റോഡുകളെല്ലാം വെട്ടിപ്പൊളിച്ചത്. മഴക്കാലമെത്തിയതോടെ റോഡിനായി കുഴിച്ചവയെല്ലാം വെളളം നിറഞ്ഞു. പലേടത്തും അപകടങ്ങളും പതിവായി.കുഴികൾ പലതും മൂടിയെങ്കിലും റോഡ് ടാർ ചെയ്യാത്തതിനാൽ സുഗമമായ യാത്ര നടക്കില്ല.ചെളിയിൽ പുതയുന്ന വാഹനങ്ങളെ രക്ഷിക്കാനെത്തുന്നത് നഗരത്തിൽ ഫയർഫോഴ്‌സിന്റെ സ്ഥിരം ദൗത്യമായി മാറി.ജൂണിൽ സ്‌കൂൾ തുറക്കുന്നതിന് മുമ്പ് കാലവർഷമെത്തും.വേനൽക്കാലത്ത് ആവശ്യത്തിൽ കൂടുതൽ സമയം റോഡ് ശരിയാക്കാനായി ലഭിച്ചെങ്കിലും ഫലപ്രദമായി നടപ്പാക്കുന്നതിൽ പരാജയപ്പെടുകയായിരുന്നു.പേട്ട,പാറ്റൂർ ഉൾപ്പെടെയുളള പ്രദേശങ്ങളിൽ റോഡ് മില്ലിംഗും എങ്ങുമെത്താതെ പാതിവഴിയിലാണ്.ഇതോടെ വിദ്യാർത്ഥികളുടെ സ്‌കൂൾ യാത്ര ദുഷ്‌ക്കരമാകുമെന്ന് ഉറപ്പായി. തകർന്ന റോഡിൽ ഗതാഗതക്കുരുക്കും രൂക്ഷമാകും.
പറഞ്ഞു പറ്റിച്ച് സ്‌മാർട്ട്സിറ്റി
കുത്തിപ്പൊളിച്ച റോഡുകളിലെ കുഴികളെല്ലാം മഴക്കാലത്തിന് മുമ്പ് മൂടുമെന്നായിരുന്നു സ്‌മാർട്ട് സിറ്റി അധികൃതർ മന്ത്രിതല യോഗത്തിൽ നൽകിയ ഉറപ്പ്. കുഴികൾ മൂടാതെ പുതിയ റോഡുകൾ കുഴിക്കില്ലെന്നും പറഞ്ഞു.എന്നാൽ പറഞ്ഞ വാക്ക് പാലിക്കാൻ സ്‌മാർട്ട് സിറ്റിക്ക് കഴിഞ്ഞില്ല.വെളളയമ്പലം-വഴുതക്കാട് റോഡ്,ജനറൽ ആശുപത്രി ജംഗ്‌ഷനിൽ നിന്ന് വഞ്ചിയൂരിലേക്കുളള റോഡ്,യൂണിവേഴ്സിറ്റി ലൈബ്രറിക്ക് സമീപമുളള റോഡ് എന്നിവിടങ്ങളിലൊന്നും കുഴികൾ മൂടിയിട്ടില്ല. കലാഭവൻമണി റോഡ് ഉൾപ്പെടെയുളള ഇടറോഡുകളിലെ കുഴികൾ മൂടിയെങ്കിലും ടാർ ചെയ്യാനുളള നടപടിയായില്ല.
നാട് നീളെ കുണ്ടും കുഴിയും
സ്‌മാർട്ട് സിറ്റി റോഡുകൾക്ക് പുറമെ നഗരത്തിന്റെ ഹൃദയഭാഗത്തും ഉൾപ്രദേശങ്ങളിലും പല റോഡുകളും തകർന്ന് തരിപ്പണമായി കിടക്കുകയാണ്. തൈക്കാട് ആശുപത്രിക്കു മുൻവശം,നാലാഞ്ചിറ,പാപ്പനംകോട്-പാമാംകോട്,കുടപ്പനക്കുന്ന്-പേരാപ്പൂര് ഉൾപ്പെടെയുളള റോഡുകൾ തകർന്നിട്ട് മാസങ്ങളായി.ഇതിൽ പല റോഡുകളും മാർച്ചിന് മുമ്പ് ശരിയാക്കുമെന്നായിരുന്നു മന്ത്രിയുടെ ഉറപ്പ്.എന്നാൽ മേയ് കഴിഞ്ഞ് ജൂൺ ആകാറായിട്ടും നടപടിയൊന്നുമുണ്ടായില്ല.
ബഡ്‌ജറ്റ് പ്രഖ്യാപനങ്ങൾ പാഴ്‌വാക്കോ?
നഗരസഭ ബഡ്‌ജറ്റിൽ 100 വാർഡുകളിലേയും പല ഇടറോഡുകളും ടാർ ചെയ്യുെമന്ന് പ്രഖ്യാപനമുണ്ടായിരുന്നു. ഇതിൽ കൂടുതലും തകർന്ന റോഡുകളുടെ റീ ടാറിംഗായിരുന്നു.സ്‌കൂൾ വികസന സമിതിയംഗങ്ങൾ റോഡ് ടാർ ചെയ്യുന്നതിനെക്കുറിച്ച് കൗൺസിലർമാരോട് ചോദിക്കുമ്പോൾ കൃത്യമായ ഉത്തരം നൽകാൻ അവർക്കും കഴിയുന്നില്ല.