1

തിരുവനന്തപുരം:ഖാദിക്ക് സൗഭാഗ്യമായി വഞ്ചിയൂരിൽ ആരംഭിച്ച ഗ്രാമസൗഭാഗ്യ ഷോറൂമിൽ രണ്ടു മാസം കൊണ്ട് 21 ലക്ഷത്തിന്റെ വിറ്റുവരവ് ! പുതുതായി 75 താലൂക്കുകളിൽ തുറക്കുന്ന ആധുനിക ഖാദി ഷോറൂമുകളിൽ ആദ്യത്തേതാണിത്.

വിവാഹവസ്ത്രങ്ങൾ, സാരി, മുണ്ട്, കുർത്ത, ഷർട്ടുകൾ, പാന്റ്സ്, പർദ, കുട്ടികളുടെ വസ്ത്രങ്ങൾ, ചുരിദാർ തുടങ്ങിയവ ആധുനിക ഡിസൈനുകളിലും ഒരുക്കിയതാണ് ജനങ്ങളെ ആകർഷിക്കുന്നത്. ഇത് പുതുതലമുറയ്‌ക്കും പ്രിയങ്കരമാകുന്നു.

വിൽപ്പന മാത്രമല്ല, തയ്യലും ഓൾട്ടറേഷനും ആളുകളുടെ ഇഷ്‌ടാനുസരണം വസ്ത്രങ്ങൾ ഡിസൈൻ ചെയ്യാൻ ഡിസൈനറും സ്റ്രുഡിയോയും ഉണ്ട്. സാരി,മുണ്ട്,ഷർട്ട് എന്നിവയാണ് കൂടുതൽ ചെലവാകുന്നത്. വിവാഹ വസ്‌ത്രങ്ങൾക്ക് വരുന്നവരുടെ ഇഷ്ടത്തിന് രണ്ടാഴ്‌ചയ്‌ക്കകം വസ്ത്രങ്ങൾ ഡിസൈൻ ചെയ്ത് നൽകും. ബംഗാൾ,കർണാടക എന്നിവിടങ്ങളിലെ സിൽക്ക് സാരിയും മുണ്ടും ഇവിടെ ലഭിക്കും.

150 കോടി ലക്ഷ്യം


ഈ സാമ്പത്തിക വർഷം 150 കോടിയുടെ വിൽപ്പനയാണ് ലക്ഷ്യം.കൊവിഡിൽ മുങ്ങിയ കഴിഞ്ഞ സാമ്പത്തിക വർഷം 37 കോടിയായിരുന്നു. 45 ഷോറൂമുകളാണ് സംസ്ഥാനത്തുള്ളത്. സാധാരണ 20 ശതമാനവും പ്രത്യേക ദിവസങ്ങളിൽ 30 ശതമാനവും ഡിസ്കൗണ്ട് നൽകും.

ഷോറൂമിൽ ഗ്രാമീണ ഉത്പന്നങ്ങളും

കർഷകരിൽ നിന്ന് വാങ്ങുന്ന തേൻ

ഖാദി ബോർഡ് എള്ള് വാങ്ങി ആട്ടിയ എള്ളെണ്ണ

ഖാദി സോപ്പ്, പേപ്പർ ബാഗ്, ബെഡ്ഷീറ്റ്, ബ്ലാങ്കറ്റ്, ടവൽ

കറ്റാർ വാഴ,കൃഷ്ണ തുളസി,മുന്തിരി സർബത്തുകൾ

വില

സാരി (കോട്ടൺ ,സിൽക്ക്)....1,300 - 15,000 രൂപ

ഷർട്ട്............................................. 905 - 2500

ഒറ്റ മുണ്ട് ......................................392 - 725

ഡബിൾ മുണ്ട്.............................660 - 2350

ചുരിദാർ സെറ്റ്.........................1080 - 5000

ഖാദിയെ ജനങ്ങൾ സ്വീകരിച്ചതിന്റെ തെളിവാണ് വിൽപ്പന വർദ്ധന.ഓണവിപണി ലക്ഷ്യമിട്ട് പുതിയ ഡിസൈനുകൾ ഇറക്കും.ജീവനക്കാരും ഉപഭോക്താക്കളും ഖാദി പ്രോത്സാഹിപ്പിക്കുന്നുണ്ട്.

---പി.ജയരാജൻ, ഖാദി ബോ‌ഡ് വൈസ് ചെയർമാൻ