കാട്ടാക്കട: വേനൽ മഴ മലയോര മേഖലയിൽ നാശംവിതച്ചു. കാട്ടാക്കട, പൂവച്ചൽ, കള്ളിക്കാട്, കുറ്റിച്ചൽ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലെ ഏക്കറ് കണക്കിന് കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. വാഴ,മരച്ചീനി,മലക്കറി തുടങ്ങിയ കൃഷികളാണ് കൂടുതലും വെള്ളത്തിനടിയിലായത്.
മരങ്ങൾ വീടുകൾക്ക് മുകളിലും റോഡിലും വീണ് ഗതാഗത - വൈദ്യുതി വിതരണം തടസപ്പെട്ടു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് പലയിടങ്ങളിലും മരങ്ങൾ മുറിച്ച് മാറ്റിയത്. കുറ്റിച്ചൽ - കള്ളിക്കാട് റോഡിൽ പരുത്തിപ്പള്ളി ഭാഗത്ത് റോഡിലേക്ക് മണ്ണിടിഞ്ഞുവീണു. ഈ സമയം റോഡിൽ യാത്രക്കാരും വാഹനങ്ങളും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
കുറ്റിച്ചൽ - ആര്യനാട് റോഡിൽ വെള്ളം കുത്തിയൊലിച്ച് റോഡിന്റെ വശം തോട്ടിലേക്ക് ഇടിഞ്ഞു താണു.
വൃഷ്ടി പ്രദേശങ്ങളിലെ ശക്തമായ മഴയിൽ നെയ്യാർഡാമിലെ ജലനിരപ്പ് 82.440 മീറ്ററായി.ഇവിടത്തെ സംഭരണ ശേഷി 84.75 മീറ്ററാണ്. മഴ വീണ്ടും ശക്തമായാൽ നെയ്യാർഡാം തുറക്കാനും സാദ്ധ്യതയുണ്ട്. കാട്ടാക്കട താലൂക്കിൽ മഴക്കെടുതിയുമായി ബന്ധപ്പെട്ട് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്. ഫോൺ:0471-2291414.