vellakettu

മുടപുരം: കിഴുവിലം ഗ്രാമ പഞ്ചായത്തിലെ കൊച്ചാലുംമൂട് - വണ്ടിത്തടം റോഡിൽ മഴക്കാലത്തുണ്ടാക്കുന്ന വെള്ളക്കെട്ടുകാരണം ദുരിതമനുഭവിക്കുന്നത് ഇതുവഴിയുള്ള യാത്രക്കാരാണ്. വർഷങ്ങൾക്ക് മുൻപേ ലക്ഷങ്ങൾ മുടക്കി റീ - ടാർ ചെയ്യുകയും സൈഡ്‌വാൾ നിർമ്മിക്കുകയും ചെയ്തിട്ടും കൊച്ചാലുംമൂട് - വണ്ടിത്തടം റോഡിലെ വെള്ളക്കെട്ടിന് ഒരു മാറ്റവുമില്ല.

മുടപുരം - മുട്ടപ്പലം റോഡിൽ തെങ്ങുംവിള മുക്കോല ഭാഗത്ത് തുടങ്ങി വക്കത്തുവിള വഴി കോരാണി-ചിറയിൻകീഴ് റോഡിലെ കൊച്ചാലുംമൂട് ജംഗ്ഷനിൽ എത്തിച്ചേരുന്നതാണ് ഈ റോഡ്. റോഡിൽ കുഴിവിള ഭാഗത്തെ വലിയ വളവിൽ മഴ പെയ്താൽ വെള്ളക്കെട്ടു രൂപംകൊള്ളും. പിന്നെ ഈ വഴിയാത്രയെക്കുറിച്ച് പറയുകയേ വേണ്ട. ചെറിയ മഴ പെയ്താൽ തന്നെ റോഡിനെ ആകെ മുക്കിക്കൊണ്ടാണ് വെള്ളക്കെട്ട് ഉണ്ടാകുന്നത്. പിന്നെ മാസങ്ങൾ കഴിഞ്ഞ് നല്ലവെയിൽ എത്തിയാൽ മാത്രമേ ഈ വെള്ളക്കെട്ട് മാറൂ.

**വെള്ളം ഒഴുകി പോകാൻ ഓടയോ മറ്റ്‌ മാർഗങ്ങളോ ഇല്ല

**ഈ ഭാഗത്തെ റോഡിന്റെ ടാർ ഇളകി ഗട്ടറുകൾ രൂപപ്പെടുന്നു

** വെള്ളം കെട്ടി നിൽക്കുന്നതിനാൽ പ്രദേശത്ത് വൻ ദുർഗന്ധവും പതിവാണ്.

** ഒഴുകിയെത്തുന്ന വെള്ളം പതുക്കെ വറ്റുന്നതിനാൽ ചെളിക്കെട്ടും ഉണ്ടാകുന്നു

**വെള്ളക്കെട്ട് കാരണം പ്രദേശവാസികളും യാത്രക്കാരും പകർച്ചവ്യാധി ഭീഷണിയിൽ

**നവീകരണം നടന്നിട്ടും
മുൻപ് ലക്ഷങ്ങൾ മുടക്കി ഈ റോഡ് ഗ്രാമ പഞ്ചായത്ത് റീ - ടാർ ചെയ്യുകയും വെള്ളക്കെട്ട് രൂപം കൊള്ളുന്ന സ്ഥലത്ത് 5 ലക്ഷം രൂപ വിനിയോഗിച്ച് ബ്ലോക്ക് പഞ്ചായത്ത് സൈഡ്‌വാൾ നിർമ്മിക്കുകയും ചെയ്തു. എന്നാൽ വെള്ളം ഒഴുകി പോകുന്നതിന് ഒരു സംവിധാനവും ഒരുക്കിയിട്ടില്ല.

**പരിഹാരം വേണം

വെള്ളം കെട്ടിനിന്ന് റോഡ് പെട്ടെന്ന് പൊളിയുന്നതിനാൽ റോഡ് നന്നാക്കാൻ ഉപയോഗിക്കുന്ന പഞ്ചായത്ത് ഫണ്ട് പെട്ടെന്ന് പാഴായി പോകുകയാണ്. ഇതുകൊണ്ടും നാട്ടുകാർക്ക് തന്നെയാണ് നഷ്ടം. അതിനാൽ ഈ പ്രശ്നം പരിഹരിക്കുന്നതിനായി റോഡിൽ നിന്ന് വെള്ളം ഒലിച്ചു പോകുന്നതിനുള്ള സംവിധാനം ഗ്രാമപഞ്ചായത്ത് ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.