sree

തിരുവനന്തപുരം: ആയുർവേദ കോളേജിൽ നിന്ന് തമ്പാനൂരിലേക്ക് പോകാനുള്ള എളുപ്പവഴിയായ ശ്രീമൂലം റോഡിലൂടെയുള്ള യാത്ര തടസപ്പെട്ടിട്ട് മാസം പത്ത് കഴിഞ്ഞു.സ്‌മാർട്ട് റോഡിനായി അഞ്ച് അടിയോളം താഴ്‌ചയിലെടുത്ത കുഴി മൂടാൻ സർക്കാർ ഉത്തരവ് തന്നെ വേണ്ടിവന്നു. രണ്ടാഴ്‌ച മുമ്പാണ് കുഴി മൂടിയത്. അപ്പോഴെങ്കിലും പുറത്തൊന്ന് ഇറങ്ങാമല്ലോയെന്നാണ് പ്രദേശവാസികൾ സമാധാനിച്ചത്.തൊട്ടുപിന്നാലെ റോഡ് വീണ്ടും വെട്ടിപ്പൊളിച്ചു. അതെന്തിനാണെന്ന് ചോദിച്ചാൽ ആർക്കും അറിയില്ല.മഴ കൂടി എത്തിയതോടെ കാൽനടപോലും പറ്റാതെയായി. സെക്രട്ടേറിയറ്റിന് സമീപമുള്ള പ്രധാന റോഡുകളിൽ ഒന്നായിട്ടും രണ്ടു മാസം കൊണ്ട് തീരാവുന്ന ജോലി ഇത്രയും നീണ്ടുപോയത് ബന്ധപ്പെട്ടവരുടെ പിടിപ്പുകേടുകൊണ്ടാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.സബ് കോൺട്രാക്‌ട് എടുത്തവരിൽ പലർക്കും വേണ്ട യന്ത്രങ്ങളോ വിദഗ്ദ്ധ തൊഴിലാളികളോ ഇല്ലാത്തതും ജോലിയെ സാരമായി ബാധിച്ചിട്ടുണ്ട്.നിലവിൽ ഇന്റർ ലോക്കിംഗ് ജോലിയാണ് നടക്കുന്നതെന്നാണ് സ്‌മാർട്ട് സിറ്റി അധികൃതർ നൽകുന്ന വിശദീകരണം.30 ദിവസത്തിനകം ശ്രീമൂലം റോഡിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് മന്ത്രിതല യോഗത്തിൽ തീരുമാനമെടുത്തതെന്ന് വാർഡ് കൗൺസിലർ ഹരികുമാർ പറഞ്ഞു.