ബാലരാമപുരം: ബാലരാമപുരം ആരോഗ്യകേന്ദ്രത്തിന്റെയും പഞ്ചായത്തിന്റെയും പൊലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ ഭക്ഷണശാലകളിൽ പരിശോധന നടത്തി. വൃത്തിഹീനമായ നിലയിൽ പ്രവർത്തിച്ച പലഹാരനിർമ്മാണ യൂണിറ്റും സെയിൽ സെന്ററും അടച്ചുപൂട്ടിച്ചു. പരിശോധിച്ച 12 സ്ഥാപനങ്ങളിൽ 8 സ്ഥാപനങ്ങൾ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തി. ചിപ്സ് ഉണ്ടാക്കുന്നതിലേക്കായി സൂക്ഷിച്ചിരുന്ന പഴകിയതും ദുർഗന്ധം വമിക്കുന്നതുമായ 45 കിലോ ഏത്തപ്പഴം,​ 20 ലിറ്റർ ജ്യൂസ്,​ 45 കിലോ പഴകിയ കേക്ക്,​ ഒരു ലിറ്റർ കേഡായ മിൽക്ക് ക്രീം,​ പഴകിയും പൂപ്പൽ പിടിച്ചതുമായ 15 ലിറ്റർ ഉണ്ണിയപ്പത്തിനായി കൂട്ടിയ മിശ്രിതം, 6 കിലോ കേടായ കേക്ക് മിശ്രിതം എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് താക്കീത് നൽകി. 7 ദിവസത്തിനകം ലൈസൻസ് എടുക്കണമെന്ന് നിർദ്ദേശം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ ശശികുമാർ കെ.വിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ജൂനിൽ ഹെൽത്ത് ഇൻസ്പെക്ടർമാരായ സഞ്ജയ്‌കുമാർ,​ ബിജു,​ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് റിജിമോൾ,​ ബാലരാമപുരം സിവിൽ പൊലീസ് ഓഫീസർ ശ്രീകാന്ത്,​ പഞ്ചായത്ത് ജീവനക്കാരായ നോബിൾരാജ്,​ സജികുമാർ എന്നിവർ പങ്കെടുത്തു.