1

വിഴിഞ്ഞം: പൈപ്പ് പൊട്ടി വെള്ളമിറങ്ങി കിണർ ഇടിഞ്ഞു വീണു. പെരിങ്ങമ്മല ജംഗ്ഷന് സമീപം എസ്.എൻ സദനത്തിൽ കെ.വി.സുധാകരന്റെ വീട്ടിലെ 80 അടിയിലേറേ താഴ്ചയുള്ള കിണറാണ് ഇടിഞ്ഞത്. വെള്ളായണി കായലിൽ നിന്ന് പെരിങ്ങമ്മലയിലെ വാട്ടർ ടാങ്കിലേക്ക് ജലം പമ്പ് ചെയ്യുന്ന പൈപ്പ് പൊട്ടി വെള്ളം കിണറ്റിന്റെ ഭിത്തിയിലേക്ക് ഇറങ്ങിയാണ് കിണർ ഇടിഞ്ഞത്. സമീപത്തെ മതിലും തകർന്നു. 200 വർഷത്തോളം പഴക്കമുള്ള കിണറാണ് ഇടിഞ്ഞതെന്ന് വീട്ടുകാർ പറഞ്ഞു.

വീടിന് ഭീഷണിയായതിനാൽ കിണർ മണ്ണിട്ട് മൂടി. കല്ലിയൂർ ഗ്രാമപഞ്ചായത്തംഗം എൽ. മിനി, നേമം പൊലീസ് എന്നിവർ സ്ഥലത്തെത്തി. ഇവർ അറിയിച്ചതനുസരിച്ച് വാട്ടർ അതോറിട്ടി അധികൃതർ സ്ഥലത്തെത്തി പൈപ്പിലെ ചോർച്ച അടച്ചു.