
വർക്കല: വർക്കല നഗരസഭയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വർക്കല ഗവ. എൽ.പി സ്കൂളിലെ പുതിയ കെട്ടിട നിർമ്മാണം പാതി വഴിയിൽ ഉപേക്ഷിച്ച നിലയിൽ. സ്കൂൾ വളപ്പിലെ 5 ക്ലാസ് മുറികളുള്ള പഴയ കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം നിർമ്മിക്കാൻ തീരുമാനിച്ചത്. എന്നാൽ കഴിഞ്ഞ വർഷം ആദ്യം കെട്ടിട നിർമാണത്തിന്റെ പ്രാരംഭ നടപടികൾ തുടങ്ങിയെങ്കിലും നാളിതുവരെയായിട്ടും കെട്ടിടം പൂർത്തീകരിക്കാൻ അധികൃതർക്കായിട്ടില്ല. അടിസ്ഥാനം കെട്ടി ഏറെ നാളുകൾക്ക് ശേഷമാണ് ഫില്ലറുകൾ കെട്ടി ഉയർത്തിയത്. പുതിയ കെട്ടിടത്തിൽ ആകെ 36 ഫില്ലറുകളാണ് ഉള്ളത്.
ഇവയിൽ ആറെണ്ണം ഭാഗികമായി കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. അവശേഷിക്കുന്നവ കമ്പി കെട്ടി നിറുത്തിയിരിക്കുകയാണ്. നിർമ്മാണസാമഗ്രികളുടെ വില വർദ്ധിച്ചതാണ് കെട്ടിട നിർമ്മാണത്തിന് കാലതാമസം നേരിടുന്നത് എന്നാണ് കരാറുകാരും പറയുന്നത്. കഴിഞ്ഞവർഷം ആദ്യം ആരംഭിച്ച് ഒരുവർഷത്തിനകം പൂർത്തിയാക്കണമെന്ന വ്യവസ്ഥയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. എന്നാൽ മാസങ്ങൾ പിന്നിട്ടപ്പോൾ അടിത്തറപാകി ഏതാനും പില്ലറുകൾ മാത്രമാണ് ഉയർന്നുവന്നത്.
എന്നാൽ കെട്ടിട നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നതിൽ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വർക്കല നഗരസഭയ്ക്ക് കൈമാറ്റം ചെയ്തു കിട്ടിയ 10 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് വർക്കല എൽ.പി.ജി.എസ്. സ്കൂളിന്റെ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് നഗരസഭ മുൻകൈ എടുക്കുന്നുണ്ടെങ്കിലും കെട്ടിട നിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കാൻ നടപടിയൊന്നുമുണ്ടായിട്ടില്ല.