
തിരുവനന്തപുരം: ഒരു മത വിഭാഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന വിദ്വേഷ പ്രസംഗങ്ങൾ തുടർച്ചയായി നടത്തുന്ന പി.സി. ജോർജിനെ കോടതി ഇടപെട്ട് നിയന്ത്രിക്കണമെന്നും, ജാമ്യം റദ്ദാക്കി അറസ്റ്റിന് അനുമതി നൽകണമെന്നും സർക്കാർ ആവശ്യപ്പെട്ടു. പി.സി. ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ ഹർജിയിലെ വാദത്തിനിടെയാണിത്.
ജോർജ് ജാമ്യം ലഭിച്ച ശേഷവും വിദ്വേഷ പ്രസംഗം നടത്തിയെന്ന് തെളിയിക്കാൻ പലാരിവട്ടം പ്രസംഗത്തിന്റെ സി.ഡി സർക്കാർ കോടതിയിൽ ഹാജരാക്കി. സി.ഡി നേരിട്ട് കാണുന്നതിനും, സർക്കാർ വാദത്തിലെ നിജസ്ഥിതി അറിയുന്നതിനുമായി ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് എ. അനീസ കേസ് 26ലേക്ക് മാറ്റി. പൊലീസ് ഹെെ- ടെക് സെൽ വിദഗ്ദ്ധരുടെ സഹായത്തോടെ അന്ന് കോടതി മുറിയിൽ വച്ച് സി. ഡി പരിശോധിക്കും. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്നും തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ചില വിഭാഗത്തിന്റെ വോട്ട് ലഭിക്കാനാണ് തന്നെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതെന്നുമാണ് ജോർജിന്റെ വാദം.