ak-saseesnran

തിരുവനന്തപുരം: സംസ്ഥാനത്ത് 33 ശതമാനം വനവിസ്തൃതി വേണമെന്ന ദേശീയലക്ഷ്യം വൈകാതെ കൈവരിക്കാനാകുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. കോർപ്പറേഷൻ പരിധിയിലുള്ള ഏഴു നഗരവനങ്ങളുടെയും മൂന്ന് ഫോറസ്ട്രി ക്ലബ്ബുകളുടെയും ഉദ്ഘാടനം ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. നിലവിൽ കേരളത്തിന്റെ വനവിസ്തൃതി 29.5 ശതമാനമാണ്. ശേഷിക്കുന്ന നാലു ശതമാനം വർദ്ധന കൈവരിക്കാൻ വനേതരപ്രദേശത്ത് വനവത്കരണ പദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നഗരവനം, വിദ്യാവനം പോലുള്ള പദ്ധതികൾ. ചെറുവനം പുനഃസൃഷ്ടിക്കുന്ന നഗരവനം പദ്ധതി അന്തരീക്ഷ മലിനീകരണത്തിന് പരിഹാരമാണ്. നാടൻ വൃക്ഷ ഇനങ്ങൾ നടുന്ന പദ്ധതിക്ക് സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾ, റസിഡന്റ്സ് അസോസിയേഷനുകൾ, പരിസ്ഥിതി ക്ലബ്ബുകൾ തുടങ്ങി എല്ലാവരുടെയും സഹകരണം അനിവാര്യമാണ്. തൈകളുടെ തുടർപരിപാലനവും അതിജീവനവും വിദ്യാർത്ഥികൾ ഉറപ്പാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
കൗൺസിലർ ചെമ്പഴന്തി ഉദയന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സോഷ്യൽ ഫോറസ്ട്രി അഡി. പി.സി.സി.എഫ് ഇ. പ്രദീപ്കുമാർ, സി.എഫ്. ത്യാഗരാജൻ, എ.സി.എഫുമാരായ ജെ.ആർ. അനി, സന്തോഷ്‌കുമാർ, ഗുരുകുലം ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ജയാ ബിനി, ചെമ്പഴന്തി എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ.എസ്. അനിൽ കുമാർ, പി.ടി.എ പ്രസിഡന്റ് ലാൽ പ്രസാദ്, എസ്.എൻ ട്രസ്റ്റ് മാനേജ്മെന്റ് പ്രതിനിധി ഡി. പ്രേംരാജ്, എസ്.എൻ ട്രസ്റ്റ് മെ‌ംബർ ചെമ്പഴന്തി ശശി, സ്റ്റാഫ് സെക്രട്ടറി എ.പി. പ്രസന്നൻ, ഹെഡ്മിസ്ട്രസ് ഒ.എച്ച്. സീന തുടങ്ങിയവർ പങ്കെടുത്തു.