kudungiya-lory

കല്ലമ്പലം: നാവായിക്കുളത്ത് ഉയരം കുറഞ്ഞ കമാനത്തിനുള്ളിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി. കിഴക്കേനട തുമ്പോട് റോഡിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. നാവായിക്കുളം ഉത്സവവുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽ ഉത്സവാശംസകൾ അർപ്പിച്ചുകൊണ്ട് പലരും കമാനങ്ങൾ സ്ഥാപിച്ചിരുന്നു. ഉത്സവം കഴിഞ്ഞതോടെ ഇവ നീക്കം ചെയ്തെങ്കിലും ഇതിലൊരെണ്ണം സ്വകാര്യ സ്ഥാപനത്തിന്റെ പേരിനൊപ്പം നിലനിറുത്തുകയായിരുന്നു.

ഇതിലാണ് കണ്ടൈയ്‌നർ ലോറി കുരുങ്ങിയത്. വാഹനം കമാനത്തിന്റെ പകുതിയോളം കടന്നപ്പോഴാണ് ഡ്രൈവർ ഇത് ശ്രദ്ധിച്ചത്. ഉടൻ ലോറി നിറുത്തിയതിനാൽ കമാനം മറിയുകയോ മറ്റ് അപകടങ്ങൾ ഉണ്ടാകുകയോ ചെയ്തില്ല. ഒരു മണിക്കൂറോളം കഴിഞ്ഞ് കമാനം പൊളിച്ചുമാറ്റിയ ശേഷമാണ് ലോറി പുറപ്പെട്ടത്‌.