തിരുവനന്തപുരം:ജില്ലയിൽ പലയിടത്തും മഴക്കാല പൂർവ ശുചീകരണം താളം തെറ്റിയ സാഹചര്യത്തിൽ ഇടപ്പെട്ട് ജില്ലാ ഭരണകൂടവും. ഓടകളും തോടുകളും ശുചീകരിക്കാതെ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ തലസ്ഥാനത്തെ വീടുകളിലടക്കം പലയിടങ്ങളിലും വെള്ളം കയറിയിരുന്നു.പ്രതിഷേധങ്ങളും നിർദ്ദേശങ്ങളും കൂടിയതോടെയാണ് ജില്ലാ ഭരണകൂടം ഇടപെട്ടത്. വിവിധ വകുപ്പുകളുടെ മഴക്കാല പൂർവ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കളക്ടർ ഡോ.നവ്‌ജ്യോത് ഖോസയുടെ അദ്ധ്യക്ഷതയിൽ ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ ഇന്നലെ അവലോകനയോഗം ചേർന്നു.ദുരന്ത സാദ്ധ്യത നിലനിൽക്കുന്ന പ്രദേശങ്ങൾക്ക് കൂടുതൽ പരിഗണന നൽകി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സജ്ജരായിരിക്കണമെന്ന് കളക്ടർ പറഞ്ഞു.പൊലീസ്,ഫയർഫോഴ്സ്,ജലവിഭവ വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, വാട്ടർ അതോറിട്ടി,കെ.എസ്.ഇ.ബി എന്നിവയുടെ പ്രവർത്തനങ്ങൾ കൂടുതൽ കരുതലോടെ നടപ്പാക്കണമെന്നും കളക്ടർ നിർദേശിച്ചു.

തയ്യാറെടുപ്പുകൾ

പ്രാദേശിക തലത്തിൽ ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമ പഞ്ചായത്തുകളിലും കൺട്രോൾ റൂമുകൾ തുറക്കും

കെ.എസ്.ഇ.ബി,കേരള വാട്ടർ അതോറിട്ടി,പി.ഡബ്ളിയു.ഡി എന്നിവ കൺട്രോൾ റൂം തുറക്കും

ഡി.എം.ഒയുടെ നേതൃത്വത്തിൽ താലൂക്ക് തല ആരോഗ്യ കേന്ദ്രങ്ങൾ വഴി സജ്ജീകരണങ്ങൾ ഏകോപിപ്പിക്കും

ജലസ്രോതസുകളിൽ അടിഞ്ഞുകൂടിയിരിക്കുന്ന മണലും അവശിഷ്ടങ്ങളും 31ന് മുൻപായി നീക്കം ചെയ്യണം

അപകടാവസ്ഥയിലുള്ള പരസ്യ ബോർഡുകളും മരങ്ങളുടെ ശിഖരങ്ങളും ഉടൻ നീക്കം ചെയ്യും

വെള്ളക്കെട്ട് ഉണ്ടാകുന്ന പ്രദേശങ്ങളിലെ റോഡുകളുടെയും അഴുക്ക് ചാലുകളുടെയും നവീകരണം വേഗത്തിലാക്കും

കടലാക്രമണം രൂക്ഷമായ മേഖലകളിൽ അടിയന്തര നടപടി സ്വീകരിക്കും

ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് സിവിൽ ഡിഫൻസ് വോളന്റിയർമാരുടെ സേവനവും ഉറപ്പുവരുത്തും

വകുപ്പുകളുടെ രാത്രികാല സ്‌ക്വാഡുകൾ പ്രവർത്തിക്കും.