പാറശാല: നാലര വയസുള്ള കുട്ടിക്ക് അധിക ഡോസ് വൈറ്റമിൻ നൽകിയ സംഭവത്തിൽ കുളത്തൂർ എഫ്.ഡി.സിയിലെ ആശാവർക്കറെ അന്വേഷണത്തിന്റെ ഭാഗമായി ജോലിയിൽ നിന്ന് മാറ്റി നിറുത്തണമെന്നാവശ്യപ്പെട്ട് കാരോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കത്ത് നൽകി.

ഇക്കഴിഞ്ഞ 11നാണ് കുളത്തൂർ എഫ്.ഡി.സിയിൽ ആശാവർക്കർ കാരോട് പഞ്ചായത്തിൽപ്പെട്ട കുട്ടിക്ക് അധിക ഡോസ് വൈറ്റമിൻ നൽകിയത്. അപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ വിവരം അറിഞ്ഞെങ്കിലും അടിയന്തര ശുശ്രൂഷ പോലും നൽകാതെ കുട്ടിയെ വീട്ടിലേക്ക് വിട്ടു. വീട്ടിൽ എത്തിയതോടെ കുട്ടി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയായിരുന്നു. തുടർന്ന് പാറശാല താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലും എത്തിച്ച കുട്ടി ഇപ്പോഴും ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് പ്രസിഡന്റ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകിയ കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.