ആ​റ്റിങ്ങൽ: വർക്കല - കല്ലമ്പലം - തിരുവനന്തപുരം കെ.എസ്.ആർ.ടി.സി ബോണ്ട് (ബസ് ഓൺ ഡിമാൻഡ്) സർവീസിലെ ടിക്ക​റ്റ് നിരക്ക് കുത്തനെ വർദ്ധിപ്പിച്ചതിൽ വൻ പ്രതിഷേധം. സർക്കാർ ജീവനക്കാരായ സ്ഥിരം യാത്രക്കാരെ നിരക്ക് വർദ്ധന മുൻകൂട്ടി അറിയിച്ചിരുന്നില്ല. തുടക്കംമുതൽ ഒടുക്കം വരെ 104 രൂപയെന്ന ഒ​റ്റ നിരക്കാണ് വെള്ളിയാഴ്ച മുതൽ ഏർപ്പെടുത്തിയത്.

വർക്കലയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് ബോണ്ട് സർവീസിൽ യാത്ര ചെയ്യുന്നതിന് വ്യാഴാഴ്ച വരെ 85 രൂപയും കല്ലമ്പലത്ത് നിന്ന് 69 രൂപയും ആ​റ്റിങ്ങലിൽ നിന്ന് 60 രൂപയുമായിരുന്നു നിരക്ക്. ഈ വ്യത്യാസം അവസാനിപ്പിച്ച് എവിടെ നിന്ന് ബസിൽ കയറിയാലും ഒ​റ്റ നിരക്ക് നല്കണമെന്നാണ് ഇന്നലെ ബസിൽ കയറിയ യാത്രക്കാരോട് കണ്ടക്ടർ അറിയിച്ചത്. ഇതേത്തുടർന്ന് യാത്രക്കാർ ഡിപ്പോയിലെത്തി അധികൃതരെ പ്രതിഷേധം അറിയിക്കുകയും പലരും ബസ് ബഹിഷ്‌കരിക്കുകയും ചെയ്തു. സാധാരണ ഫാസ്​റ്റ് പാസഞ്ചറിൽ ആ​റ്റിങ്ങലിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് 50 രൂപയും കല്ലമ്പലത്ത് നിന്ന് 59 രൂപയുമാണ് ഇപ്പോഴത്തെ യാത്രാനിരക്ക്.

നിരക്ക് വർദ്ധന മാനേജ്‌മെന്റിന്റെ തീരുമാനപ്രകാരമാണെന്ന് ആ​റ്റിങ്ങൽ ഡിപ്പോ അധികൃതർ പറഞ്ഞു. സാധാരണബസിലെ യാത്രാനിരക്ക് ഒന്നാം തീയതി മുതൽ വർദ്ധിപ്പിച്ചിരുന്നു. എന്നാൽ ബോണ്ട് സർവീസിലെ നിരക്കിൽ വർദ്ധനയുണ്ടായിരുന്നില്ല. ഇപ്പോൾ ബോണ്ട് സർവീസിലെ നിരക്ക് വർദ്ധിപ്പിക്കുകയാണുണ്ടായതെന്നും അധികൃതർ അറിയിച്ചു.