kova

കോവളം: ബെെപ്പാസിൽ കോവളം ജംഗ്ഷന് സമീപത്തെ പോറോഡ്‌ ഭാഗത്തെ തകർന്ന സർവീസ് റാേഡിലെ വെള്ളക്കെട്ടിൽ സ്കൂട്ടർ മറിഞ്ഞ് ദമ്പതികൾക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 8ഓടെയാണ് സംഭവം. ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ വെള്ളക്കെട്ടിൽ മറിയുകയായിരുന്നു.

തുടർന്ന്, അപകടം സ്ഥിരമായിട്ടും സർവീസ് റോഡ് അറ്റകുറ്റപ്പണി നടത്താത്ത അധികൃതരുടെ നിലപാടിനെതിരെ ബി.ജെ.പി വെങ്ങാനൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗതാഗതം തടഞ്ഞ് പ്രതിഷേധിച്ചു. പ്രതിഷേധസമരം ജില്ലാ സെക്രട്ടറി വെങ്ങാനൂർ സതീഷ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ലാലൻ, ജനറൽ സെക്രട്ടറി ഗിരീന്ദ്രൻ, മണ്ഡലം വൈസ് പ്രസിഡന്റ് ആനന്ദൻ, യുവമോർച്ച പഞ്ചായത്ത് പ്രസിഡന്റ് നന്ദു കൃഷ്ണൻ, സെക്രട്ടറി സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോവളം സി.ഐ പ്രെെജു, എൻ.എച്ച് മാനേജർ പ്രമോദ് റെഡ്ഡി എന്നിവർ നടത്തിയ ചർച്ചയിൽ ഉടൻ തന്നെ റോഡ് നവീകരിച്ച് സഞ്ചാര യോഗ്യമാക്കാമെന്ന് ഉറപ്പു നൽകിയതിനെ തുടർന്ന് പ്രതിഷേധ സമരം അവസാനിപ്പിച്ചു.