theif

ബാലരാമപുരം: വീട് കുത്തിത്തുറന്ന് പണവും മറ്റ് സാധനങ്ങളും മോഷ്ടിച്ചയാൾ പിടിയിലായി. മൊട്ടമൂട് മാവുവിള ഷെക്കേന നിവാസിൽ സുരേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച രാവിലെ സുരേഷിന്റെ ഭാര്യ അജിത, മകനെ സ്കൂളിൽ വിട്ട് 10ഓടെ തിരികെ എത്തിയപ്പോഴാണ് പൂട്ടിയിട്ടിരുന്ന വീടിന്റെ വാതിലും അലമാരയും തുറന്ന് കിടക്കുന്നതായി കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പ്, രണ്ട് മൊബൈൽ ഫോൺ, അലമാരയിൽ സൂക്ഷിച്ചിരുന്ന 23,000 രൂപ അടക്കം 1,01,000 രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.

അയൽക്കാരോട് അന്വേഷിച്ചപ്പോൾ മൊട്ടമൂട് മുൻപ് താമസിച്ചിരുന്ന ആന്ധ്ര രാജേഷ് എന്ന് വിളിക്കുന്ന രാജേഷ് വീടിനകത്ത് കയറി പോകുന്നത് കണ്ടെതായി പറഞ്ഞു. തുടർന്ന് നരുവാമൂട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കകം തന്നെ മൊട്ടമൂട് ജംഗ്ഷന് സമീപത്ത് നിന്ന് രാജേഷിനെ അറസ്റ്റ് ചെയ്തത്.

രാജേഷിനെ മുൻപ് മൊട്ടമൂട് ഒരു വീട്ടിൽ കയറി എയർഗൺ ചൂണ്ടി സ്ത്രീയുടെ മാല പെട്ടിച്ച കേസിൽ അന്ധ്രയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.