
പോത്തൻകോട്: വീട്ടിലെ കിണറ്റിൽ അകപ്പെട്ട കറവപ്പശുവിനെ ആറ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കഴക്കൂട്ടം ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ അയിരൂപ്പാറ കല്ലിക്കോട് വീട്ടിൽ ജമീല ബീവിയുടെ പശുവാണ് കിണറ്റിൽ വീണത്. കഴക്കൂട്ടത്തു നിന്ന് ഫയർഫോഴ്‌സ് സംഘമെത്തി ബെൽറ്റിന്റെ സഹായത്തോടെ പശുവിനെ പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.അനിൽ ഇടപെട്ട് ക്രെയിൻ വരുത്തിയാണ് ഫയർഫോഴ്‌സ് പശുവിനെ പുറത്തെത്തിച്ചത്. വീഴ്ചയിൽ ഒരു കൊമ്പ് ഒടിഞ്ഞ് അവശനിലയിലായ പശുവിനെ മൃഗാശുപത്രിയിൽ നിന്നെത്തിയ ഡോക്ടർ അടിയന്തര ചികിത്സ നൽകി. തുടർന്ന് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ പശു ആരോഗ്യത്തോടെ എണീറ്റ് ഭക്ഷണവും വെള്ളവും കുടിച്ചു. പ്രസവിച്ച് മൂന്ന് മാസമായ പശുവാണ് കിണറ്റിൽ അകപ്പെട്ടത്.