
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കോടതിറോഡിൽ ഭാരം കയറ്റിയ വാഹനങ്ങൾക്ക് നിരോധവും നിയന്ത്രണവും ഏർപ്പെടുത്തിയെന്ന അധികൃതരുടെ ഉറപ്പ് വാക്കുകളിൽ മാത്രമായി. കോടതിയോട് ചേർന്നുള്ള റോഡ് തകർന്ന് തരിപ്പണമായിട്ടും തിരിഞ്ഞ് നോക്കാതെ അധികൃതർ. കാൽനടയാത്രപോലും ദുഃസഹമായ റോഡിന് പരിഹാരമുണ്ടാക്കലെന്നത് വിദൂരം. റോഡിന്റെ തകർച്ച വ്യാപാരസ്ഥാപനങ്ങളെയും ബാധിക്കുന്നതായി പരാതി.
നെയ്യാറ്റിൻകര കൃഷ്ണൻകോവിൽ ജംഗ്ഷനിൽ നിന്ന് പാലക്കടവ് രാമേശ്വരം കണ്ണംകുഴി വഴി അമരവിള ദേശീയപാതയിലേക്കെത്തുന്ന ഇടറോഡിന്റെ തുടക്കംമുതലുള്ള 250 മീറ്ററോളം ദൂരമുള്ള റോഡാണ് തകർന്ന് കാൽനട, വാഹനയാത്ര പോലും ബുദ്ധിമുട്ടിലായിട്ടുള്ളത്. റോഡിന്റെ തകർന്ന ഭാഗത്തിന്റെ ഇരുവശവും സ്ഥിതി ചെയ്യുന്നത് കോടതിയും വക്കീൽ ഓഫീസുകളും കോടതിയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങളുമാണ്.
നെയ്യാറ്റിൻകര കോടതി-പാലക്കടവ് റോഡ് വഴി കടന്നുപോകുന്ന ഭാരം കയറ്റിയ വാഹനങ്ങൾക്ക് കഴിഞ്ഞ 18 മുതൽ നിരോധം ഏർപ്പെടുത്തിക്കൊണ്ട് എം.എൽ.എയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിൽ തീരുമാനമുണ്ടാക്കി ഉത്തരവിറക്കിയെങ്കിലും അതെല്ലാം ഉത്തരവ് മാത്രമായൊതുങ്ങി.