കടയ്ക്കാവൂർ: റോഡ് ഇടിഞ്ഞ് അപകടങ്ങൾ ഉണ്ടാകുന്ന താഴെവെട്ടൂർ, അരിവാളം, ഒന്നാംപാലം, റാത്തിക്കൽ, നെടുങ്ങണ്ട തുടങ്ങിയ പ്രദേശങ്ങൾ ഇൻലാൻഡ് നാവിഗേഷൻ ഉദ്യോഗസ്ഥർ സന്ദർശിച്ചു. ഇൻലാൻഡ് നാവിഗേഷൻ ഡയറക്ടർ, എക്സിക്യൂട്ടീവ് എൻജിനിയർ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ, എ.ഇ കരാർകാരൻ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
സന്ദർശനവേളയിൽ ദുരന്തമേഖലയിൽ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ ജനങ്ങൾ നിർദ്ദേശിക്കുകയുണ്ടായി. റാത്തിക്കൽ പള്ളിക്ക് സംരക്ഷഭിത്തിയും അതിനോട് ചേർന്ന് പള്ളി മുതൽ റാത്തിക്കൽ ജംഗ്ഷൻ വരെ ഓടയും നിർമ്മിക്കണം.
മൗണ്ട്, റേഷൻകട റോഡിൽ നിന്ന് ഒഴുകിയെത്തുന്ന മഴവെള്ളം വർക്കല തോട്ടിലേക്ക് വിടുന്നതിനുള്ള സജ്ജീകരണം, യാത്രാസൗകര്യം പുനരാരംഭിക്കുന്നതിന് വേണ്ട താത്കാലിക നടപടികൾ, റാത്തിക്കൽ ജംഗ്ഷനിലും റേഷൻകട ഭാഗത്തും അപായ സൂചനാ ബോർഡുകൾ സ്ഥാപിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് നാട്ടുകാർ മുന്നോട്ടുവച്ചത്. റാത്തിക്കൽ മുതൽ അഞ്ചുതെങ്ങ് ഒന്നാംപാലം വരെ സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി കിഫ്‌ബിയിൽ നിന്ന് 17 കോടി രൂപ അനുവദിച്ചിട്ടുണ്ട്.