
പാലോട്: മാനസിക വെല്ലുവിളി നേരിടുന്ന സഹോദരങ്ങളുടെ ജീവിതകഥ ആരും കാണാത്തതായിരുന്നു. വിശന്ന് വലയുമ്പോൾ അമ്മയെ തല്ലിയും അച്ഛനെ മർദ്ദിച്ചും കഴിയുന്ന ജീവിതം അറിയാൻ, കൗമുദി ടി.വിയുടെ 'ഓ മൈ ഗോഡ് 'സംഘമെത്തി. ഒളികാമറ കൊണ്ടുമാത്രം പ്രോഗ്രാം ഷൂട്ട് ചെയ്യുന്ന ഓ മൈ ഗോഡിന്റെ കാമറ മിഴി തുറന്നപ്പോൾ അനുഭവപ്പെട്ടത് ഉളളുലയ്ക്കുന്ന തീരാവേദനയുടെ കഥയാണ്.27 വയസ്സുളള മകൻ സന്തോഷ് കുമാറും 22 കാരി സൗമ്യയുമാണ് ജനനം മുതൽ മാനസിക വെല്ലുവിളിക്ക് അടിമയായത്. മക്കളുടെ അവസ്ഥ ഇങ്ങനെയായതുകൊണ്ട് അച്ഛൻ ഗോപാലകൃഷ്ണനും അമ്മ ശകുന്തളയും വീടുവിട്ട് ഇറങ്ങാറില്ല. മക്കൾ ഏത് നിമിഷവും അക്രമാസക്തരാകും.വീടിനുളളിൽ സഹോദരങ്ങൾ ക്രൂരമായി പരസ്പരം മർദ്ദിക്കുകയും ചെയ്യും.ഈ അടിപിടിയിൽ അച്ഛനും അമ്മയ്ക്കും കാര്യമായ പരിക്കുകളും ഏൽക്കാറുണ്ട്. റേഷൻ കടയിൽ നിന്ന് കിട്ടുന്ന അരി മാത്രമാണ് ഈ നാലംഗ കുടുംബത്തിന്റെ ആശ്രയം .വീടിന്റെ തട്ടിൽ നിന്ന് കോൺക്രീറ്റ് ഇളകി വീഴുന്നു. ചുമരുകൾ ഇടിഞ്ഞുവീണ നിലയിലാണ്. വാരിവലിച്ചിട്ട പഴയ തുണികൾക്കിടയിലാണ് ഇവരുടെ ഉറക്കം. പെരിങ്ങമ്മല പഞ്ചായത്തിലെ ചെറ്റച്ചൽ എട്ടേക്കർ സൂര്യകാന്തിയിലാണ് ഈ കുടുംബം .ധരിച്ചിരിക്കുന്നതിന് പകരം ഉടുക്കാൻ ഒന്നുമില്ല. പുറത്തുനിന്ന് വരുന്നവരോട് മക്കൾ ക്രൂരമായി പെരുമാറുന്നതുകൊണ്ട് സഹായിക്കാൻ ആരും വരാറുമില്ല. ഈ ദുരവസ്ഥ കേട്ടറിഞ്ഞ് ഭക്ഷണ സാധനങ്ങളും വിട്ടുപകരണങ്ങളും നൽകാനാണ് ഓ മൈ ഗോഡ് സംഘം എത്തിയത്. ഓ മൈ ഗോഡിന്റെ മുന്നൂറാമത് എപ്പിസോഡിന്റെ ഭാഗമായാണ് സഹായം.പ്രദീപ് മരുതത്തൂരാണ് നിർമ്മാതാവ്. സാബു പ്ലാങ്കവിള ,ഫ്രാൻസിസ് അമ്പലമുക്ക് എന്നിവർ അവതാരകർ.സെൽവൻ,അനൂപ് ചന്ദ്രൻ,ബാബു പളളിപ്പുറം,കൃഷ്ണൻ, രാഹുൽ,നവീൻ,അരുൾ,ഷിബു മച്ചേൽ എന്നിവരാണ് പിന്നണിയിൽ.സാമൂഹ്യ പ്രവർത്തകനായ അജു കെ.മധുവാണ് ഈ കുടുംബത്തിന്റെ കഥ പുറം ലോകത്തെത്തിച്ചത്.കൗമുദി ടി.വി യിൽ ഇന്ന് (ഞായർ) രാത്രി 10ന് ഈ പരിപാടി കാണാം.